സ്നേഹമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്, സ്നേഹിക്കാൻ ഒരാളില്ലെങ്കില്‍ ജീവിതം ഒരു കുമിളയാകും
വെളിച്ചം
കപ്പല്‍, ശക്തമായ കാറ്റില്‍ ആടിയുലഞ്ഞു. മലപോലെ ഉയര്‍ന്നുവന്ന തിരമാലയില്‍ പെട്ട് കപ്പല്‍ ചെരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്ക് തെറിച്ചു വീണു.
പലതവണ മുങ്ങിത്താണും വീപ്പയില്‍ പിടിച്ചു തുഴഞ്ഞും കുറെ നേരം ജീവനോട് മല്ലിടിച്ചു കിടന്നു.
വൈകാതെ കടല്‍ ശാന്തമായി. കപ്പലിലുളള മറ്റുയാത്രക്കാര്‍ അയാളെ പിടിച്ചു കയറ്റി. അവര്‍ അയാളോട് ചോദിച്ചു:
“ഈ അവസ്ഥയില്‍ താങ്കളെങ്ങിനെ പിടിച്ചു നിന്നു…”
അയാള്‍ പറഞ്ഞു:
“എന്റെ മക്കള്‍ എന്നെ വിളിക്കുന്ന സ്വരം എനിക്ക് കേള്‍ക്കാമായിരുന്നു. എനിക്ക് തിരിച്ചു വരാതിരിക്കാന്‍ കഴിയുമയിരുന്നില്ല.”
സ്നേഹിക്കാന്‍ ആളുണ്ട് എന്നതാണ് തുടര്‍ന്നും ജീവിക്കാനുളള കാരണം. അങ്ങനെ ഒരാളില്ലെങ്കില്‍ പിന്നെ ജീവിതം ഒരു കുമിളപോലെയാകും.. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം. പ്രശ്നങ്ങളും ദുരിതങ്ങളും കൊണ്ടല്ല ആളുകള്‍ സ്വന്തം ജീവിതത്തിന് പൂര്‍ണ്ണ വിരാമമിടുന്നത്. പിന്തുണക്കാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലാത്തതുകൊണ്ടുമാണ്. നാം അങ്ങനെ ഒരാളെ ജീവിതത്തില്‍ കണ്ടെത്തണം.
തുടങ്ങിയിടത്തേക്ക് തിരിച്ചെത്താനും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും എല്ലാ ശക്തിയും ചോര്‍ന്നുപോകുമ്പോള്‍ ഊര്‍ജ്ജമാകാനും അങ്ങനെ ഒരാള്‍ അത്യാവശ്യമാണ്. തകരാതിരിക്കാനും പിടിച്ചു നിൽക്കാനും കാരണക്കാരനാകുന്ന ഒരാള്‍ ഏവരുടേയും ജീവിതത്തില്‍ ഉണ്ടാവണം. അങ്ങനെയൊരാള്‍ ഒരു സ്ഥിരനിക്ഷേപമാണ്. സ്നേഹമെന്ന സ്ഥിരനിക്ഷേപം.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ