KeralaNEWS

പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റെങ്കില്‍ നിയമനടപടി വേണം; മുഖ്യമന്ത്രിക്ക് എഡിജിപിയുടെ കത്ത്

തിരുവനന്തപുരം: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സര്‍ക്കാര്‍തന്നെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം. ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തില്‍ പറയുന്നു.

കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം എന്നാണ് കത്തിലെ ആവശ്യം. സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനു തന്നെ കേസ് ഫയല്‍ ചെയ്യാമെന്നതുള്‍പ്പെടെയുള്ള നിയമനടപടികളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കത്ത്. അതേസമയം, എഡിജിപിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Signature-ad

എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കത്ത് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് നേരിട്ടോ അന്വേഷണ സംഘത്തിലെ ഐ.ജി സ്പര്‍ജന്‍ കുമാറോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക.

അന്‍വറിന്റെ മൊഴി കഴിഞ്ഞദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് രേഖപ്പെടുത്തിയിരുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ക്കൊപ്പം അജിത് കുമാര്‍ നല്‍കിയ പരാതിയിലും മൊഴിയെടുപ്പ് നടക്കും. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്താണെന്ന് അന്വേഷിക്കണമെന്നാണ് അജിത് കുമാറിന്റെ പരാതി. ഇരുവരുടേയും പരാതികളില്‍ പ്രാഥമിക പരിശോധന നടക്കുകയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് കൈമാറാനാണ് ആലോചന.

 

Back to top button
error: