ചുമ്മാ ചൂടാകരുത്: ക്ഷിപ്രകോപം അപകടം, ഹൃദ്രോഗം അടക്കമുള്ള പല രോഗങ്ങളും ബാധിക്കുന്നത് അമിത ദേഷ്യക്കാരെ
അമിതദേഷ്യം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തു വിട്ടത്. അമിതമായ കോപം നമ്മുടെ രക്തക്കുഴലുകൾക്ക് എറെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ മാരകമായ പ്രശ്‌നങ്ങൾ ബാധിക്കാമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയഷൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.
ദേഷ്യം നമ്മുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചാൽ അത് ഹൃദയാഘാതത്തിനും മറ്റ് ഗുരുതര ഹൃദ്രോഗങ്ങൾക്കും കാരണമാകും എന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സമ്മർദകരമായ അനുഭവത്തിന് ശേഷം ദേഷ്യപ്പെടുന്നത് രക്തക്കുഴലുകളുടെ വിശ്രമത്തിനുള്ള കഴിവിനെ താൽക്കാലികമായി തടസപ്പെടുത്തും. ശരീരത്തിലെ ശരിയായ രക്തപ്രവാഹം രക്തക്കുഴലുകളിലൂടെയാണ് നടക്കുന്നത്. ഇതിൽ പ്രശ്‌നമുണ്ടാകുമ്പോൾ, രക്തയോട്ടം തടസപ്പെടാൻ തുടങ്ങുകയും ഹൃദയാഘാതമോ സ്ട്രോക്കോ ബാധിക്കാൻ വഴിവെക്കുകയും ചെയ്യാം. ആളുകളുടെ രക്തക്കുഴലുകളിൽ ദേഷ്യം വരുന്നതിന് മുമ്പും ശേഷവും ഉള്ള കോശങ്ങളെ ഗവേഷകർ വിലയിരുത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിംഗ് മെഡിക്കൽ സെൻ്ററിലെ വിദഗ്ധർ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
കോപാകുലമായ ഒരു സംഭവം ഓർക്കുന്നത് 40 മിനിറ്റ് വരെ രക്തക്കുഴലുകളുടെ വികാസത്തെ വഷളാക്കുന്നു, ഇത് രക്തസമ്മർദം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.
ലോകമെമ്പാടും ഓരോ വർഷവും കോടിക്കണക്കിന് ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നു. ഇന്ത്യയിലും ലക്ഷക്കണക്കിന് ഹൃദ്രോഗികളുണ്ട്. ഇത് ഒഴിവാക്കാൻ, ആളുകൾ ജാഗ്രത പാലിക്കുകയും കൃത്യസമയങ്ങളിൽ ഒരു കാർഡിയോളജിസ്റ്റിനെ കാണുകയും വേണം.
ദേഷ്യം പോലുള്ള മാനസിക സമ്മർദം കുറയ്ക്കുന്നതിന് യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ പോലുള്ള രീതികൾ പരിശീലിക്കുന്നത് നല്ലതാണ്. ദേഷ്യം വരുത്തുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്.
ലോകമെമ്പാടും ഹൃദ്രോഗം ഒരു ഗുരുതര ആരോഗ്യ പ്രശ്നമാണ്. ജീവിതശൈലി, ഭക്ഷണക്രമം, ജനിതക പാരമ്പര്യം എന്നിങ്ങനെയുള്ള പല ഘടകങ്ങളും നമ്മുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു.