പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയല്ല, അവയെ കരുതലോടെ നേരിടുകയാണ് ജീവിതത്തിൻ്റെ വിജയമന്ത്രം
വെളിച്ചം
ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം.
ഉടമസ്ഥര്‍ പൂച്ചകളുമായി എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല് നല്കി. എല്ലാവരും ഓടി വന്ന് പാല് കുടിച്ചപ്പോള്‍ ഒരു പൂച്ചമാത്രം മണത്തുനോക്കിയിട്ട് തിരിഞ്ഞുനടന്നു. മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ചെയ്യുന്ന പൂച്ചക്കാണല്ലോ സമ്മാനം. അങ്ങനെ ആ പൂച്ച വിജയിയായി മാറി.
സംഘാടകര്‍ ഉടമസ്ഥനോട് ചോദിച്ചു:
“താങ്കളുടെ പൂച്ചമാത്രം എന്താണ് പാല് കുടിക്കാഞ്ഞത്…?”
അയാള്‍ പറഞ്ഞു:
“ഒരിക്കല്‍ ഞാന്‍ തിളച്ചപാലാണ് അതിന് നല്‍കിയത്. അത് കുടിച്ച് നാവ് പൊള്ളിയതില്‍ പിന്നെ പാല് കണ്ടാല്‍ പൂച്ച തിരിഞ്ഞോടും…”
അനുഭവബന്ധിതമാണ് ഓരോ പ്രവൃത്തിയും. നേരിട്ടനുഭവിച്ച പാഠങ്ങളെ ആയുസ്സുമുഴുവന്‍ പലപ്പോഴും മുറുകെ പിടിക്കും. പക്ഷേ, സന്തോഷാനുഭവങ്ങളെ കൂട്ടുപിടുക്കുന്നതിനേക്കാള്‍ ദുരനുഭവങ്ങളെ കൂട്ടുപിടിക്കാനാണ് പലര്‍ക്കും താല്പര്യം. ഒരിക്കലുണ്ടായ അനിഷ്ടസംഭവത്തെ ന്യായീകരിച്ച് ജീവിതകാലം മുഴുവന്‍ അവ കൊണ്ടുനടക്കും.
പക്ഷേ, അന്നത്തെ ആ അനുഭവം അപ്പോഴത്തെ സാഹചര്യം കൊണ്ട് മാത്രം ഉടലെടുത്തതായിരിക്കാം. ഓരോ സംഭവങ്ങളും നമ്മെ പഠിപ്പിക്കേണ്ടത്, ഒന്നില്‍ നിന്നും ഒളിച്ചോടാനല്ല, അവയെ കരുതലോടെ നേരിടാനാണ്. ഒരു പ്രശ്നമുണ്ടായാല്‍ വീണ്ടും അത് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികളും തരണം ചെയ്യാനുള്ള പ്രതിവിധികളുമാണ് കൈക്കൊള്ളേണ്ടത്.
സന്തോഷപൂർണമായ ഞായറാഴ്ച ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ