Fiction

ആത്മവിശ്വാസം  പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ കരുത്ത് പകരും, പക്ഷേ അമിതമായ ആത്മവിശ്വാസം ആപത്തിലേക്ക് നയിക്കും

വെളിച്ചം

ആമയും മുയലും ചേർന്നുള്ള പന്തയത്തിൽ ആമ ജയിച്ച കഥ ഏവർക്കുമറിറിയാം. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ മുയലിനെ മറ്റെല്ലാ മുയലുകളും കളിയാക്കി. അവന്‍ നാടുവിട്ടു.

Signature-ad

കാലം കുറെ കടന്ന്പോയി. മുയലിന്റെ തലമുറയിലും ആമയുടെ തലമുറയിലും പുതിയ സന്താനങ്ങള്‍ വന്നു.  പണ്ട് തങ്ങള്‍ക്കുണ്ടായ മാനക്കേട് മാറ്റാന്‍ മുയല്‍കുട്ടി തീരുമാനിച്ചു. അവന്‍ പുതിയ തലമുറയിലെ ആമയുടെ അടുത്തെത്തി, വീണ്ടും പന്തയം നടത്തിയാലോ എന്ന് ആരാഞ്ഞു.

“പണ്ട് ഇതുപോലെ ഒരു ഓട്ടപന്തയം നടത്തി തോറ്റ മുയല്‍ പോയവഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല…”

ആമ കളിയാക്കി.

ഒടുവിൽ മുയലിന്റെ നിര്‍ബന്ധപ്രകാരം അവര്‍ വീണ്ടും പന്തയം വെച്ചു. ദൂരെയുള്ള ഒരു കല്ല് ചൂണ്ടിക്കാട്ടി മുയല്‍ ഫിനിഷിങ്ങ് പോയിന്റ് കാണിച്ചുകൊടുത്തു.  ഇത്തവണ ആമ ഫിനിഷിങ്ങ് പോയിന്റില്‍ എത്തുമ്പോള്‍ മുയല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
ആമ തലയും കുനിച്ച് യാത്രയായി.  പക്ഷേ, മുയല്‍ വിടുവാന്‍ തയ്യാറായിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി പന്തയം നടത്തണം എന്നായി. അവസാനം നിവൃത്തിയില്ലാതെ ആമ സമ്മതിച്ചു. പക്ഷേ, ഇത്തവണ ഫിനിഷിങ്ങ് പോയിന്റ് കാണിക്കുന്നത് താന്‍ ആണെന്നായി ആമ.  മുയല്‍ സമ്മതിച്ചു.

അത്രയധികം ദൂരെയല്ലാത്ത ഒരു മരം ചൂണ്ടിക്കാണിച്ച് അതാണ് ഫിനിഷിങ്ങ് പോയിന്റെന്ന് ആമ പറഞ്ഞു. മുയല്‍ സമ്മതിച്ചു.  ഓടിത്തുടങ്ങിയ മുയല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് നിന്നു. ആമ ചൂണ്ടിക്കാണിച്ച മരം ഒരു പുഴക്ക് അക്കരെയായിരുന്നു.  പുഴയിലറങ്ങിയാല്‍ തന്റെ ജീവന്‍ പോകുമെന്ന് മുയലിന് മനസ്സിലായി. ആമ പതിയെ ഇഴഞ്ഞുവന്ന് പുഴയിലിറങ്ങി മരം നീന്തി ലക്ഷ്യത്തിലെത്തി.

ആത്മവിശ്വാസം എപ്പോഴും  നല്ലതാണ്. മുന്നോട്ട് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആത്മവിശ്വാസം നമ്മെ സഹായിക്കുന്നു.  പക്ഷേ, അമിതമായ ആത്മവിശ്വാസം തോല്‍വിയിലേക്ക് നയിക്കും.  മുന്നിലുള്ള അപകടങ്ങളെ കാണാതാക്കുന്നത് ഈ അമിത ആത്മവിശ്വസമാണ്. ഒരിക്കലും നമുക്ക് ഇന്നലകളെ വീണ്ടെടുക്കാന്‍ ആകില്ല. പക്ഷേ, നാളെ ജയിക്കണോ തോല്‍ക്കണോ എന്ന് തീരുമാനിക്കുന്നത് ഇന്നിന്റെ ആത്മവിശ്വാസമാണ്.  ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ട് പോകാം.

സന്തോഷവും സമാധാനവും നിറഞ്ഞ ഞായറാഴ്ച ആശംസിക്കുന്നു

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: