NEWS

ചിന്തകള്‍ ചന്തമുള്ളതായാൽ ജീവിതത്തിൽ സന്തോഷം നിറയും, ഇല്ലെങ്കിൽ സങ്കടം ഫലം

വെളിച്ചം

അയാള്‍ തന്റെ ഗുരുവിനെ കണ്ട് സങ്കടം പറയാനാണ് അവിടെ എത്തിയത്.

Signature-ad

“ഒരു കാര്യവും ഞാന്‍ മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിൽ എത്തുമ്പോള്‍ അടുത്തതിലേക്ക് കടക്കും.”

ഗുരുവിനോട് യുവാവ് തന്റെ സങ്കടം പറഞ്ഞു.
എല്ലാം കേട്ട ശേഷം ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി. കനാലില്‍ നിന്നും ചാല് കീറി സ്വന്തം കൃഷിയിടം അയാള്‍ നനയ്ക്കുകയാണ്.
ഗുരു പറഞ്ഞു:

“ഈ വെള്ളത്തിന് കൃത്യമായ വഴി കിട്ടിയതുകൊണ്ടാണ് അത് പറമ്പിനെ ഫലസമൃദ്ധമാക്കുന്നത്. വഴി കിട്ടിയില്ലെങ്കില്‍ പരന്നൊഴുകി മറ്റെവിടെയെങ്കിലുമെത്തും. കൃഷി നശിക്കും. നീ ആദ്യം നിന്റെ ചിന്തകള്‍ ശരിയായ ദിശയിലാക്കണം. ഇപ്പോള്‍ അവ ചിതറിക്കിടക്കുകയാണ്. ചിന്തകളെയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടാല്‍ എല്ലാ പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാകും.”

ഗുരു പറഞ്ഞവസാനിപ്പിച്ചു. തങ്ങളുടെ ചിന്തകളുടെ പരിധിക്കും പ്രകൃതത്തിനുമപ്പുറം ഒരാളും വളരില്ല. ഏറ്റവും നന്നായി ചിന്തകളെ ക്രമീകരിച്ചിട്ടുള്ളവരാണ് വിജയ തീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

ചിന്തകള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകില്ല. അവയെ നിന്ത്രിക്കുന്നതിലൂടെയും അവനവനുവേണ്ട ദിശയിലൂടെ നയിക്കുന്നതിലൂടെയും മാത്രമേ കര്‍മ്മഫലങ്ങള്‍ രൂപപ്പെടൂ. ശരിയായി ചിന്തിക്കാനും അനാവശ്യമായി ചിന്തിക്കാതിരിക്കാനും ശീലിച്ചാല്‍ എല്ലാം ശരിയാകും. നമ്മുടെ ചിന്തകള്‍ ചന്തമുള്ളതാകട്ടെ.

ശുഭദിനം നേരുന്നു..

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: