മന്ത്രിമാരും പൊലീസ് മേധാവികളും ഉദ്യോഗസ്ഥ പ്രമാണിമാരും പാർക്കുന്ന തലസ്ഥാന നഗരിയിൽ ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം പൗഡിക്കോണത്ത് ഇന്നലെ രാത്രി ഒമ്പതര മണിയോടെ മൂന്നംഗ സംഘം വെട്ടിപരുക്കേൽപ്പിച്ച ഗുണ്ടാ നേതാവ് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.
പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി 3 ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം.
രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു മരണം. പ്രതികളെ പിടികൂടിയിട്ടില്ല. കൊലപാതകത്തിനു കാരണം ഗുണ്ടാ കുടിപ്പകയാകാം എന്നാണ് പൊലീസ് ഭാഷ്യം.
കഴിഞ്ഞ 3 മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 30 ലേറെ ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുകയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലിസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.