സ്വന്തം ചിറകിൽ പറന്നുയരാൻ ശ്രമിക്കൂ, മറ്റുള്ളവരെ ആശ്രയിച്ചാൽ ജീവിതം പരാജയമായി പരിണമിക്കും
വെളിച്ചം
നീണ്ട കാലത്തെ പഠനത്തിനും പരിശീലനങ്ങള്‍ക്കും ശേഷം ഗുരു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞു:
“എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഉള്ളിലുണ്ട്… അത് സ്വയം കണ്ടെത്തണം…”
എന്നാൽ സംശയനിവൃത്തിക്കായി ഗുരുവിനെ തേടി വീണ്ടും ശിഷ്യന്മാര് വന്നുകൊണ്ടേയിരുന്നു. ഇതിങ്ങനെപോയാല്‍ അവര്‍ സ്വയം വളരില്ലെന്ന് ഗുരുവിന് മനസ്സിലായി. അദ്ദേഹം തന്റെ മുറിയുടെ വാതിലില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു:
”ഒരു ഉത്തരത്തിന് പ്രതിഫലം 100 സ്വര്‍ണ്ണനാണയം.”
രണ്ടു ദിവസം കഴിഞ്ഞ് ഒരു ശിഷ്യന് നൂറ് നാണയം നല്‍കിയിട്ട് ചോദിച്ചു:
“അങ്ങ് വാങ്ങുന്ന ഈ തുക വളരെ കൂടുതലാണല്ലോ…?”
ഗുരു പറഞ്ഞു:
“അധികമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു. ഇനി ഉത്തരം വേണമെങ്കില്‍ നൂറ് നാണയം കൂടി വേണം. അല്ലെങ്കില്‍ സ്വയം ഉത്തരം കണ്ടെത്തുക.”
ശിഷ്യര്‍ പിന്നീട് സ്വയം ഉത്തരം അന്വേഷിച്ച് കണ്ടെത്താന്‍ പ്രാപ്തരായി.
ഗുരുക്കന്മാര് രണ്ടുവിധമുണ്ട്. ശിഷ്യന്മാരെ എന്നും തൻ്റെ തണലിൽ നിര്‍ത്തുന്നവരും, സ്വന്തംകാലില്‍ നിൽക്കാർ പ്രേരിപ്പിക്കുന്നവരും.
ആദ്യത്തെ കൂട്ടരുടെ കൂടെ നിന്നാല്‍ പ്രായമാവുകയേ ഉള്ളൂ. രണ്ടാമത്തെ കൂട്ടരുടെ കൂടെയാണെങ്കിലേ നാം വളരുകയുള്ളൂ. പറന്നുപോകാൻ അനുവദിക്കുന്നവരുടെ കൂടെ നിന്നാല്‍ പല ഗുണങ്ങളുണ്ട്. അവനവന്റെയുള്ളിലെ കഴിവുകള്‍ സ്വയം ബോധ്യപ്പെടും പരീക്ഷണങ്ങളും പ്രയത്നങ്ങളും നടത്തുന്നതിനുളള സ്വാതന്ത്ര്യം ലഭിക്കും.
സ്വന്തംവഴികള് രൂപപ്പെടുത്താന്‍ നമുക്കും സാധിക്കട്ടെ.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ