KeralaNEWS

ഹൃദയഭേദകം, അതിദാരുണം: മുഖ്യമന്ത്രി, ഒരു പ്രദേശം പൂർണമായും ഇല്ലാതായി; രക്ഷാപ്രവർത്തനത്തിന് കൈ കോര്‍ത്ത് നാട്

   വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ സംഭവിച്ചത്  ഹൃദയഭേദകമായ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമായ മഴയില്‍  ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാര്‍ക്കറ്റ് മേഖലയിൽ കുടുങ്ങിക്കിടന്ന പരുക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവന്നു. 138 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ്  ജീവന്‍ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയത്.

Signature-ad

ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 21 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്.  ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

കേരളം ഇന്നുവരെ കണ്ടതില്‍ അതീവ  ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്.  ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
മണ്ണിനടിയില്‍ പെട്ടവരും ഒഴുക്കില്‍ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നത്.  സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ദുരന്ത വിവരം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്  എന്നിവരുള്‍പ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാ  സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ  പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുന്‍ പ്രതിപക്ഷ നേതാവ് തുടങ്ങിയവരും വിളിച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് വാഗ്ദാനം നൽകി.

അപകടവിവരം അറിഞ്ഞയുടെനെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. 5 മന്ത്രിമാരെ വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിട്ടുണ്ട്.  മന്ത്രിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സൈന്യത്തിന്റെ സഹായമുള്‍പ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങളോടേയും രക്ഷാപ്രവര്‍ത്തനം  നടന്നുകൊണ്ടിരിക്കുന്നു. പരമാവധി ജീവൻ രക്ഷിക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനുമാണ്  ശ്രമിക്കുന്നത്.

വയനാട്ടില്‍ 48 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3083 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ  123 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 5,583 ആളുകളെ ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.

ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, പോലീസ്,  തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.  കരസേനയുടെയും  നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തി. ഫയര്‍ ഫോഴ്‌സില്‍ നിന്നും  332 അംഗങ്ങളെ വിവിധ ജില്ലകളില്‍ നിന്നായി വയനാടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ വാട്ടര്‍ റെസ്‌ക്യൂ അക്കാദമിയിലെ 38 ട്രെയിന്‍ഡ് അംഗങ്ങളും, 8 9 സിവില്‍ ഡിഫെന്‍സ്, ആപ്ത മിത്ര അംഗങ്ങളും  ഉള്‍പ്പെടുന്നു.

എന്‍ഡിആര്‍എഫിന്റെ 63 അംഗ ടീം വയാനാട്ടില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കഴിഞ്ഞു.  കൂടാതെ ബാംഗ്ലൂരില്‍ നിന്നുള്ള സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡി എസ് സിയുടെ  67 പേരടങ്ങുന്ന  ടീം വയനാട് എത്തിയിട്ടുണ്ട്. 93 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡിഎസ് സി  ടീം കണ്ണൂരില്‍ സജ്ജമാണ്. സുലൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയര്‍ഫോഴ്‌സിന്റെ 2 ചോപ്പറുകള്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് തങ്ങുകയാണ്. കൂടാതെ നേവിയുടെ റിവര്‍ക്രോസിങ്ങ് ടീമിനായും ഇടി എഫ് ആര്‍മിയുടെ  ഒരു ടീമിനായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ടീമിനായും റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്.

കൂടാതെ വിവിധ ജില്ലകളില്‍ നിന്നുള്ള 36 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചിട്ടുണ്ട്.

  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജി, ഡിഐജി എന്നിവര്‍ ദുരന്ത മേഖലയില്‍ എത്തി കഴിഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാന വിഭാഗം എഡിജിപിയും വായനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തിരച്ചില്‍ സംഘങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണിത്. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറും.

ലോക്കല്‍ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യു ഫോഴ്‌സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കൂടാതെ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററില്‍ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.

തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്ന് പോലീസിന്റെ ഡ്രോണ്‍ സംഘങ്ങളും  വയനാട്ടിലെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച 2 പോലീസ് നായ്ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു. സൈന്യത്തിന്റെ പരിശീലനം സിദ്ധിച്ച മറ്റ് നായ്ക്കളെ ലഭ്യമാക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്‌നിക്കില്‍ താത്ക്കാലിക ആശുപത്രിയും തുറന്നു.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന എകദേശം 3 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും, 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 3 ട്രാന്‍സ്‌ഫോര്‍മര്‍ ഒലിച്ചു പോയി, 4 എണ്ണം നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, s ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 380 ഓളം വീടുകളുടെ സര്‍വീസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ദുരന്ത ബാധിത മേഖലയിലെ 8 ട്രാന്‍സ്‌ഫോര്‍മര്‍ (ഏകദേശം 1450 ഉപഭോക്താക്കള്‍) ഒഴികെ ബാക്കി എല്ലായിടങ്ങളിലും  വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു കഴിഞ്ഞു.

മാലിന്യം, ചെളി, മറ്റ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലര്‍ന്ന കിണറുകള്‍ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിനും ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍  സ്വീകരിക്കുന്നുണ്ട്.

ഇപ്പോള്‍ അപകടം സംഭവിച്ച സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. ഒഴുകി വന്ന മണ്ണും , ഉരുളും, പാറകളും, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലാത്ത ചൂരല്‍മല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവകേന്ദ്രത്തിന്റെ 6 കിലോമീറ്റര്‍ അകലെയാണ്. ഈ പ്രദേശവും നിരപ്പായ പുഴയുടെ തീരവും വര്‍ഷങ്ങളായി ജനവാസം ഉള്ളമേഖലയുമാണ്. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല.

മഴ കനത്തതിനാല്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു.  ഇത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കാരണമായി.
ഇവിടെ ഓറഞ്ച് അലര്‍ട്ട് ആണ് നിലനിന്നിരുന്നത്. 64 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴ പെയ്യും എന്നായിരുന്നു കഴിഞ്ഞദിവസം ഉച്ചക്കുള്ള മുന്നറിയിപ്പ്.  എന്നാല്‍  ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും  അടുത്ത 24 മണിക്കൂറിനുള്ളില്‍  372 മില്ലിമീറ്റര്‍ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും ചിലപ്പോള്‍ എങ്കിലും പ്രവചനാതീതമാണ്. അപ്രതീക്ഷിതമായ വന്‍മഴയും മേഘ വിസ്‌ഫോടനവും ഉരുള്‍പൊട്ടലും ഒക്കെ അതിന്റെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്.

ദുരിതാശ്വാസ നിധി 

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് എന്ത് പകരം നല്‍കിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. 2018 ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സഹായഹസ്തം ആ ഘട്ടത്തില്‍ നീണ്ടു.

അതുപോലെതന്നെ വയനാട്ടില്‍ ഇപ്പോള്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഇതിനോടകം പലരും  മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി അവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സിഎംഡിആര്‍ ഫിലേയ്ക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ 2 കോടി രൂപ വാഗ്ദാനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ 5 കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

വയനാട്ടില്‍ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Back to top button
error: