കോവളം ബീച്ചിലെ അടിയന്തിര പ്രവൃത്തികള്‍ക്കായി 3.67 കോടി രൂപ
തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ കോവളം ബീച്ചില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു. വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍’ പദ്ധതിക്ക് 3,66,83,104 രൂപയുടെ അനുമതി നല്‍കിയത്.
പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിന്റെ സമഗ്ര നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നുണ്ട്. ഇതിനിടയില്‍ ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളാണ് അടിയന്തിരമായി ചെയ്യുന്നത്.
പദ്ധതി നടപ്പാക്കുന്നത് കോവളം ബീച്ചിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സൈറ്റ് തയ്യാറാക്കല്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, കെട്ടിടങ്ങളുടെ നവീകരണം, തെരുവ് വിളക്കുകള്‍, വിശ്രമമുറികളുടെ നവീകരണം, പാര്‍ക്കിംഗ്, മാലിന്യ പ്രശ്‌നം പരിഹരിക്കല്‍ എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്