NEWS

സ്ത്രീകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അതിക്രമം തടയാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; നിർഭയം മൊബൈൽ ആപ്പ് പുറത്തിറക്കി

സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പിന്‍റെ പ്രകാശനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്‍റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

പോലീസില്‍ വനിതാപ്രാതിനിധ്യം 25 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. വനിതാ പോലീസ് സ്റ്റേഷന്‍ ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങളില്‍ അവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒട്ടും ഭയം കൂടാതെ പോലീസിന്‍റെ സഹായം തേടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ്ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ഭയ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വയം പ്രതിരോധമുറകള്‍ പഠിക്കുന്നതിന് പോലീസ് നടപ്പിലാക്കിയ വനിതാസ്വയം പ്രതിരോധ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്കായി തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലാവിജയനും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഈ ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അഞ്ച് സെക്കന്‍റ് അമര്‍ത്തിപ്പിടിച്ചാല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളിന്‍റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലോ പോലീസ് സ്റ്റേഷനിലോ ലഭിക്കും. ഇന്‍റെര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാണ്.

Back to top button
error: