ശോഭാ സിറ്റി വയൽ നികത്തിയത് വ്യാജ സർക്കാർ രേഖകൾ ചമച്ച്, തെളിവുകൾ പുറത്തു വിട്ട് അഡ്വക്കറ്റ് വിദ്യാ സംഗീത്, വ്യവസായ ഭീമനെതിരെ ഒറ്റയാൾ പോരാട്ടം

ശോഭ ഗ്രൂപ്പ് പുഴയ്ക്കൽ പാടത്ത് 79 ഏക്കറോളം നെൽവയലും തണ്ണീർത്തടവും നികത്തി പാർപ്പിടങ്ങളും വാണിജ്യ സമുച്ചയങ്ങളും ഹെലിപാഡും നിർമ്മിച്ചിട്ടുള്ളത് സർക്കാരിന്റെ പേരിൽ വ്യാജ നിലംനികത്തൽ രേഖകൾ ചമച്ച് എന്നതിന്റെ രേഖകൾ പുറത്ത് വിട്ട് അഡ്വ. വിദ്യാ സംഗീത് . ശോഭ ഗ്രൂപ്പ് നികത്തിയ 19 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവിനെതിരെ ശോഭാസിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജികളിന്മേൽ ഹാജരാക്കിയ ആറുമാസം മാത്രം കാലാവധിയുള്ള ആർ ഡി ഒ ഉത്തരവുകളിൽ നിജസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മധ്യമേഖലാ റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കുറ്റൂർ വില്ലേജ് ഓഫീസ്, തൃശ്ശൂർ താലൂക്ക് ഓഫീസ്,തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് എന്നിവിടങ്ങളിലെ രേഖകളും രജിസ്റ്ററുകളും നികത്തിയ ഭൂമിയും പരിശോധിച്ചതിൽ രേഖകൾ കളവായി ചമച്ചത് ആണെന്ന റിപ്പോർട്ട് തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർക്ക്‌ സമർപ്പിച്ചിരുന്നു.

കേരള ഹൈക്കോടതിയിൽ ഹാജരാക്കിയ നേരത്തെ പറഞ്ഞ ഉത്തരവുകളിൽ സൂചന രണ്ടായി നൽകിയിട്ടുള്ളത് തൃശ്ശൂർ അഡീഷണൽ തഹസിൽദാറുടെ 2007 ഡിസംബർ 6 ലെ B5-11686/07 റിപ്പോർട്ട് എന്നാണ്. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ B5 സീറ്റിൽ അങ്ങനെ ഒരു ഫയൽ ഇല്ലെന്ന് കണ്ടെത്തി.LDIS ആയി തീർപ്പാക്കപ്പെട്ട ഫയലുകളിൽ H-11686/07 നമ്പർ ഫയൽ ആണ് ഉള്ളതെന്നും കണ്ടെത്തി.

വ്യാജമായി ചമച്ച ഉത്തരവുകളുടെ തീയതി 2007 ഡിസംബർ 12 ആണ്. എന്നാൽ അന്നേദിവസം മാത്രമാണ് ആർ ഡി ഒ ചാർജ് ഏറ്റെടുത്തതായി രേഖകൾ തെളിയിക്കുന്നത്. ജോലിയിൽ ചാർജ് ഏറ്റെടുത്ത ദിവസം തന്നെ ആർ ഡി ഒ സ്ഥലപരിശോധന നടത്തി ഉത്തരവും നൽകി എന്നത് വിശ്വസനീയമല്ലെന്ന് റവന്യു വിജിലൻസ് കണ്ടെത്തി. ഈ റിപ്പോർട്ട് ലാൻഡ് റവന്യു കമ്മീഷണർക്ക് നൽകി. ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് ചമച്ചവർക്കെതിരെ ക്രിമിനൽ കേസ് നടപടികൾ സ്വീകരിക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ കേസെടുക്കാനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടില്ല.

വ്യാജ സർക്കാർ ഉത്തരവ് ചമച്ച് വയൽ നികത്തിയതിന് ശോഭ ഗ്രൂപ്പ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് വിദ്യ സംഗീത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട് .

2021 ജനുവരി 21ന് കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച കോലഴി ഗ്രാമപഞ്ചായത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും അന്തിമ ഡാറ്റാബാങ്കിൽ ശോഭാ സിറ്റിയുടെ 79 ഏക്കർ നികത്തിയ നിലവും “നിലം” എന്ന സ്റ്റാറ്റസിൽ തന്നെ ഉൾപ്പെട്ടിട്ടുള്ളതാണ്.ഇത് 2008ലെ തണ്ണീർത്തട നിയമത്തിന്റെ പരിരക്ഷയിൽ നിൽക്കുന്ന സ്ഥലമാണ്. ആയതുകൊണ്ട് ശോഭാ സിറ്റി സമൂച്ചയം പൊളിച്ചുമാറ്റി 79 ഏക്കർ നെൽവയൽ പൂർവസ്ഥിതിയിലാക്കണമെന്നും സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ശോഭ ഗ്രൂപ്പിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് വിദ്യാ സംഗീത് ചീഫ് സെക്രട്ടറിക്ക്‌ പരാതി നൽകിയിട്ടുണ്ട്.

ശോഭാ സിറ്റിയെ തൊടാത്ത അധികൃതർ അതേ പുഴയ്ക്കൽ പാടത്ത് വീടുവയ്ക്കാൻ 5 സെന്റ് നികത്തിയ സ്ത്രീയുടെ സ്ഥലം തിരികെ വയൽ ആക്കുന്നതിന് യുദ്ധകാലടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി ഉത്തരവ് പുറപ്പെടുവിച്ചത് വിദ്യാ സംഗീത് ചൂണ്ടിക്കാണിക്കുന്നു.

വ്യവസായിക്കും സാധാരണക്കാരനും രണ്ടു നീതി എന്നത് ശരിയല്ലെന്ന് വിദ്യാ സംഗീത് വ്യക്തമാക്കുന്നു. ഇത്തരം നടപടികൾ തിരുത്തിയില്ലെങ്കിൽ സർക്കാരിനെതിരെയും ശോഭാ ഗ്രൂപ്പിനെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അഡ്വ വിദ്യാ സംഗീത് മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *