തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടെ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ജൂണ്‍ 29ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രത്യേക ഇനത്തില്‍പ്പെട്ട ജെല്ലി ഫിഷിനെയാണ് കടല്‍ച്ചൊറി എന്ന് പറയുന്നത്.
വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്ത് മാറ്റുന്നതിനിടയിലാണ് പ്രവീസിന്റെ കണ്ണില്‍ തെറിച്ചത്. അലര്‍ജി ബാധിച്ച് കണ്ണില്‍ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോയി. അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. ഭാര്യ – ജയശാന്തി. മക്കള്‍ – ദിലീപ്, രാജി, രാഖി. മരുമക്കള്‍ – ഗ്രീഷ്മ, ഷിബു, ജോണി.
ശരീരത്തില്‍ 90 ശതമാനത്തിലധികം ജലാംശമുള്ള ജലജീവിയാണ് ജെല്ലി ഫിഷ് അഥവാ കടല്‍ച്ചൊറി. ഇത് മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെന്റക്കിളുകളും (tentacles)െ ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെന്റക്കിളുകള്‍ ഉപയോഗിച്ചാണ് അവ ഇരപിടിക്കുന്നത്. ഭീമന് ജെല്ലി ഫിഷിന്റെ ടെന്റക്കിളിന് 30 മീറ്റര്‍ വരെ നീളമുണ്ടാകും.
ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കള്‍ കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലി ഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജെല്ലി ഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാന്‍ ശേഷിയുള്ള വിഷമാണുള്ളത്.