KeralaNEWS

രാഹുൽ മാങ്കൂട്ടത്തിൽ പക്വത ഇല്ലാത്ത നേതാവെന്ന് വിമർശനം, പാലക്കാട് പടയൊരുക്കം;  എതിർപ്പുമായി ജില്ലയിലെ പ്രബല വിഭാഗം കെ.പി.സി.സിയെ സമീപിച്ചു

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം  കെ.പി.സി.സി.യെ സമീപിച്ചു. ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള ജില്ലയിലെ നേതാക്കളാണ് കെ.പി.സി.സിയെ സമീപിച്ചത്. ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഷാഫി പറമ്പില്‍ പാർലമെന്‍റിലേക്ക് വിജയിച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്.

ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്.

Signature-ad

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചില ഭാഷാ പ്രയോഗങ്ങളിൽ  കോൺഗ്രസ് നേതാക്കൾക്കു തന്നെ കടുത്ത വിയോജിപ്പുണ്ട്.  ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന പരാമര്‍ശവും ‘വർഗ്ഗീയടീച്ചറമ്മ’ എന്ന് കെ.കെ ശൈലജയെ പരിഹസിച്ചതുമൊക്കെ വിവാദമായിരുന്നു. പക്വതയില്ലാത്ത നേതാവായാണ് പല സീനിയർ നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിനെ കാണുന്നത്.

കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുന്നണിക്ക് ദോഷമാണ് എന്ന നിലപാട് മുസ്ലിം ലീഗ് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പുകൾ ശക്തിപ്പെടുത്തുന്നതിന് പകരം, മണ്ഡലം നിലനിർത്താൻ കഴിയുന്ന, ജനങ്ങൾക്ക് സ്വീകാര്യനായ സ്ഥാനാർത്ഥി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം.

രാഹുലിന്‍റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ ‘യുവ’ നേതാവ് എത്തുമെന്നാണ് ഷാഫി പറമ്പിൽ കഴിഞ്ഞദിവസം പറഞ്ഞത്. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പാലക്കാട് യു.ഡി.എഫിനെ കൈവിടില്ല എന്നുറപ്പാണെന്നും ഇനി വരാൻ പോകുന്നത് എന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ മണ്ഡലത്തില്‍ ഷാഫിയുടെ പിന്‍ഗാമിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.

Back to top button
error: