KeralaNEWS

വിഘടന വാദം: കേരളം വിഭജിച്ച് മലബാർ സംസ്ഥാനം രൂപികരിക്കണമെന്ന് മുസ്ലിം സംഘടനകൾ, അപകടകരമായ നീക്കമെന്ന് കെ. സുരേന്ദ്രൻ

   കേരളം വിഭജിച്ച് മലബാർ സംസ്ഥാനം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് മുസ്തഫ വിവാദ പരാമര്‍ശം നടത്തിയത്.

അവഗണന തുടരുമ്പോഴാണ് ചിലർ വിഘടന വാദത്തിലേക്ക് ഇറങ്ങുന്നതെന്നും ഇനി മലബാർ സംസ്ഥാനം വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും മുസ്തഫ ചോദിച്ചു. വിഭവങ്ങൾ വീതം വെക്കുന്നതിൽ സർക്കാർ നീതി കാണിക്കുന്നില്ല. നരേന്ദ്ര മോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

Signature-ad

കേരളം വിഭജിക്കണമെന്ന ആവശ്യത്തില്‍ തെറ്റ് പറയാന്‍ കഴിയില്ല. തെക്കന്‍ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാല്‍ അവഗണനയുണ്ടാകുമ്പോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളും ഉയരുമെന്നും മുസ്തഫ പറഞ്ഞു.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമസ്ത സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറുവെന്നും വിഷയം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി മാത്രം കൈകാര്യം ചെയ്താൽ പോരെന്നും മുഖ്യമന്ത്രിയും ഇടപെടണമെന്നും മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.

ഇതിനിടെ കേരളം വിഭജിച്ച് മലബാർ സംസ്ഥാനം വേണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്‌ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം ആവശ്യങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.

‘നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആവശ്യം സമസ്ത ഏറ്റെടുത്തു. ഇനി സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൂടി അറിഞ്ഞാൽ മതി. മതത്തിന്റെ പേരിൽ മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പു നൽകിയിരുന്നു.’ സുരേന്ദ്രൻ പറഞ്ഞു.

വിഘടന വാദത്തിൻ്റെ മുദ്രാവാക്യമായി  ചില തീവ്രവാദ സംഘടനകൾ രംഗത്തു വരുമ്പോഴും ഭരണ പ്രതിപക്ഷ പാർട്ടികൾ മൗനം പാലിക്കുന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. പണ്ട്, ‘പഞ്ചാബെങ്കിൽ പഞ്ചാബ്’ എന്ന ആർ. ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച വിസ്ഫോടനങ്ങൾ ആരും മറന്നിട്ടുണ്ടാവില്ലെന്ന് കരുതാം.

Back to top button
error: