Social MediaTRENDING

ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടു; വീഡിയോ ചര്‍ച്ചയായപ്പോള്‍ മാപ്പുപറഞ്ഞ് നാഗാര്‍ജുന

ക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു മോശം പ്രവൃത്തി കാരണം സോഷ്യല്‍ മീഡിയയിലൂടെ മാപ്പുപറഞ്ഞിരിക്കുകയാണ് താരം. നാഗാര്‍ജുനയെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടതാണ് എല്ലാത്തിനും കാരണമായത്.

ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നുള്ള ഒരു ദൃശ്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരന്‍ നാഗാര്‍ജുനയ്ക്കടുത്തേക്ക് ചെന്നു. എന്നാല്‍, ഇയാളെ സുരക്ഷാ ഭടന്‍ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയില്‍നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവങ്ങളൊന്നും നാഗാര്‍ജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

Signature-ad

എന്നാല്‍, ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. പ്രതികരണങ്ങളെല്ലാം സൂപ്പര്‍താരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. തൊട്ടുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാഗാര്‍ജുനയുടെ പ്രതികരണവുമെത്തി. ”ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍ മാപ്പുചോദിക്കുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ട മുന്‍കരുതലുകളെടുക്കും”, നാഗാര്‍ജുനയുടെ വാക്കുകള്‍ ഇങ്ങനെ.

വിജയ് ബിന്നി സംവിധാനം ചെയ്ത ‘നാ സാമി രംഗാ’ ആണ് നാഗാര്‍ജുനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രമാണ് താരത്തിന്റേതായി ചിത്രീകരണം നടന്നുവരുന്നത്. ധനുഷ് ആണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

Back to top button
error: