വെളിച്ചം
രാത്രിയില്‍ ഒട്ടും ഉറക്കമില്ല… അതായിരുന്നു അയാളുടെ പ്രശ്‌നം. ഉറക്കം കിട്ടാനായി അയാള്‍ സമീപിക്കാത്ത വൈദ്യന്മാരില്ല.
ഒരു ദിവസം വളരെ പ്രശസ്തനായ വൈദ്യന്‍ അയല്‍നാട്ടില്‍ നിന്നും അവിടെയെത്തി. അയാള്‍ വൈദ്യനെ കാണാൻ വന്നു. കാര്യങ്ങള്‍ വിശദമായി വൈദ്യനോട് പറഞ്ഞു. വൈദ്യന്‍ പറഞ്ഞു:
“നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നിങ്ങളുടെ മുടന്താണ്.”
യാതൊരുവിധ ശാരീരിക പ്രശ്‌നവുമില്ലാത്ത തന്നെ മുടന്തനെന്നുവിളിച്ചതില്‍ അയാള്‍ക്ക് ദേഷ്യം തോന്നി. അപ്പോള്‍ വൈദ്യന്‍ തുടര്‍ന്നു:
“നിങ്ങള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യും…?”
അയാള്‍ പറഞ്ഞു:
“എനിക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ല. വേലക്കാര്‍ എല്ലാം ചെയ്യും.”
ഇത് കേട്ട് വൈദ്യന്‍ പറഞ്ഞു:
“നിങ്ങള്‍ക്ക് ഉറക്കം കിട്ടാന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി. എല്ലാ ദിവസവും എല്ലുമുറിയെ പണിയെടുക്കുക.”
അയാള്‍ പകലുമുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. അന്നുമുതല്‍ അയാള്‍ക്ക് ഗാഢമായ ഉറക്കം ലഭിച്ചു.
അധ്വാനിക്കാത്തവന് എങ്ങനെ രാത്രി ഉറക്കം വരും? വിയര്‍ക്കുന്നവര്‍ക്ക് മാത്രമാണ് വിശ്രമത്തിന്റെ വിലയറിയുക. വെയിലില്‍ നിന്നവര്‍ക്കാണ് തണലിന്റെ തണുപ്പ് ഉള്‍ക്കൊള്ളാനാവുക. തളര്‍ന്നുറങ്ങുമ്പോള്‍ മാത്രമേ ഉന്മേഷത്തോടെ ഉണരാനാകൂ. ജോലികള്‍ നമുക്ക് സഹായികളെക്കൊണ്ട് ചെയ്യിക്കാം. പക്ഷേ, ഉറങ്ങി സഹായിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സമാധാനമായ രാത്രി വേണമെങ്കില്‍ സംതൃപ്തമായ പകല്‍ നാം കണ്ടെത്തിയേ മതിയാകൂ.. അതെ, ശ്രമത്തിന്റെ മറുവശമാണ് വിശ്രമം…
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ