CrimeNEWS

കള്ളക്കടത്ത് മാഫിയയുടെ വിളയാട്ടം: കാസര്‍കോട്  പ്രവാസി യുവാവിനെ  കെട്ടിതൂക്കി ക്രൂരമായി തല്ലിക്കൊന്ന കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

   ഉത്തരകേരളത്തിൽ കള്ളക്കടത്ത് മാഫിയയുടെ വിളയാട്ടം. കാസർകോട് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2022 ജൂണ്‍ 6നാണ് പുത്തിഗെ സ്വദേശി അബൂബകര്‍ സിദ്ദീഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഗൾഫിലെ 40 ലക്ഷം രൂപയുടെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് സംഭവം.  ഒരാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ അബൂബകര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം പൈവളിഗെയിലെ വിജനമായ കുന്നിൻ മുകളിൽ മരത്തിൽ തലകീഴായി കെട്ടി തൂക്കി ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച്  കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട് ആശുപത്രിയില്‍ ഉപേക്ഷിച്ച് കൊലയാളി സംഘം രക്ഷപ്പെട്ടു. കള്ളക്കടത്ത് സംഘം ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണം ഈടാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു.

സിദ്ദീഖിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തില്‍ 19 പ്രതികളാണ് ആകെയുള്ളത്. ഇവരില്‍ 12 പേരെ നേരത്തെ അറസ്റ്റു ചെയ്തു. മുഖ്യപ്രതി   മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ നൂര്‍ശ (33) പിന്നീട് പൊലീസിനുകീഴടങ്ങി. ഒളിവിലുള്ള 6 പ്രതികൾ വിദേശത്തേക്ക് കടന്നു.  ഇതോടെയാണ് കേസ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറായത്.

Back to top button
error: