റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങി തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ് വാരം വിടുന്നത്.
ഹജ്ജ് അതിന്‍റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്‍റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന. ലോകത്തിലെ വിവിധ ദിക്കിൽനിന്നുവന്ന വിശ്വാസി ലക്ഷങ്ങൾ ദേശ വർണ ഭാഷാ അതിർവരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹ- സാഹോദര്യങ്ങളുടെ മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്. ലോകത്തിന് മാതൃകയാണ് ഇത്.
അവർണനീയ അനുഭവമാണ് ഓരോ തീർഥാടകനും മിനയിൽനിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്. ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിൻ്റെ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിെൻറ മുഴുവൻ വിഭവസ്രോതസ്സുകളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിൻ്റെ അതിഥികളെ സേവിച്ചത്. മുഴുവൻ സുരക്ഷാവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ഹജ്ജിൻ്റെ മുഴുദിനവും സ്വയം കോട്ടകളായി അല്ലാഹുവിൻ്റെ അതിഥികൾക്ക് കാവലായി.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു ലക്ഷത്തിലധികം സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ ഹജ്ജിൻ്റെ ഭാഗമായി. ശക്തമായ ചൂട് ഒഴിച്ചാൽ ഇത്തവണ ഹജ്ജ് ഏറെ ആയാസകരവും ആഹാദകവുമായിരുന്നു.