KeralaNEWS

കാസർകോട്, കള്ളന്മാരുടെ വിളയാട്ടം: പൊറുതി മുട്ടി ജനം, കണ്ണടച്ച് പൊലീസ്; മോഷ്ടാക്കളെ കുടുക്കാൻ  യുവജന കൂട്ടായ്മകളുമായി നാട്ടുകാർ രംഗത്ത്

    കാസർക്കോട്  പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്ടാവ് 5 പവന്റെ സ്വർണ്ണ മാല കവർന്നത് ഇന്നലെയാണ്. പള്ളിക്കര എ യു.പി സ്കൂളിന് സമീപം സുകുമാരന്റെ വീട്ടിലാണ് ഉച്ചയ്ക്ക് 1.45 ന് മോഷ്ടാവ് കയറിയത്. സുകുമാരൻ്റെ ഭാര്യ ഉച്ചയ്ക്ക് കടയിലേക്ക് ഭർത്താവിനുള്ള ഭക്ഷണം കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചു കൊണ്ടു നിൽക്കേയാണ് മോഷണം നടന്നത്. തുടർന്ന് അടുക്കള ഭാഗത്തെ വാതിൽ തുറന്ന്  കള്ളൻ രക്ഷപെടുകയായിരുന്നു. നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

             *             *          *
കാസർകോട് സീതാംഗോളി കിന്‍ഫ്രയിലെ വെല്‍ഫിറ്റ് ചപ്പല്‍സ് നിര്‍മാണ കംപനിയുടെ ഗോഡൗണില്‍നിന്ന് 9 ലക്ഷം രൂപയുടെ ചെരുപ്പുകളും ലാപ്‌ടോപും കവര്‍ന്നത് ഈ മെയ് 22 രാത്രിയിലാണ്. സ്ഥാപനത്തിന്റെ പാര്‍ട്ണർ നസീർ നൽകിയ  പരാതിയെ തുടർന്ന് ആശിഖ്  (27) എന്നയാളെ  ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

കാസര്‍കോട് നഗരത്തിൽ വില്‍പനയ്ക്ക് വെച്ച ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ്  ആശിഖിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
*             *          *
കാസർഗോഡ് ചെമ്മനാട് പഞ്ചായത്ത് ഓഫീസിൽ മോഷണം.   രാവിലെ ഓഫീസിലെത്തിയ ഹെഡ് ക്ലർക്കാണ് പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. പല രേഖകളും പണവും മോഷണം പോയിട്ടുണ്ട്.
*             *          *
ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിൽ കവര്‍ച്ച. ക്ഷേത്രത്തിലെ ശ്രീകോവില്‍ പൊളിച്ച് മൂലഭണ്ഡാരത്തിലെ പണം മുഴുവൻ കവര്‍ന്നു. പുറത്തുള്ള ഭണ്ഡാരവും കവർച്ച ചെയ്തു. മറ്റൊരു ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ക്ഷേത്രത്തിലെ ഓഫീസ് കൗണ്ടറും കുത്തിത്തുറന്നു. പുലര്‍ച്ചെ 1.30 മണിയോടെയാണ് മോഷണം നടന്നത്.

ഏതാനും ദിവസം മുമ്പ് സമീപത്തെ കാലിക്കടവ് കരക്കാവ് ഭഗവതീ ക്ഷേത്രത്തിലും ഭണ്ഡാര കവര്‍ച്ച നടന്നിരുന്നു. രണ്ട് മോഷണങ്ങൾക്ക് പിന്നിലും ഒരേ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്‌റ്റേഷൻ്റെ നൂറ് മീറ്റർ അകലെയാമാണ് കവർച്ച നടന്ന ക്ഷേത്രം. കാവിമുണ്ടും കുപ്പായവും ധരിച്ച മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
*             *          *
കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. നഷ്ടപ്പെട്ടത് അരക്കോടി രൂപ. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടാക്കാള്‍ പണപ്പെട്ടി കൈക്കലാക്കിയത്.
വാഹനത്തിൻ്റെ ഡ്രൈവറും ഉദ്യോഗസ്ഥനും ഒരു എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് വണ്ടിയിലുണ്ടായിരുന്നു പണം അടങ്ങിയ ബോക്‌സ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്
*             *          *
കാസർഗോഡ് രണ്ടിടങ്ങളിൽ വൻ കവർച്ച. രണ്ട് വീടുകളിൽ നിന്നായി 44.5 പവന്‍ സ്വർണാഭരണങ്ങളും 9 ലക്ഷം രൂപയും കവർന്നു.  ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽപുത്തൂരിൽ വീട് കുത്തി തുറന്ന് 35 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. ഇബ്രാഹിം എന്നയാളുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട് പൂട്ടി ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച.

മഞ്ചേശ്വരം മച്ചംപാടി സിഎം നഗറിലെ പ്രവാസി ഇബ്രാഹിം ഖലീലിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് ഒമ്പതര പവൻ സ്വർണാഭരണങ്ങളും 9 ലക്ഷം രൂപയുമാണ് കവർന്നത്.

വീട്ടിൽ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ കയറുന്ന സി.സി.ടി.വി ദൃശ്യം വിദേശത്തിരുന്ന്  ഇബ്രാഹിം ഖലീൽ കണ്ടു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ എത്തുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.

മഞ്ചേശ്വരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി കവർച്ചാ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള, സോങ്കാൽ പ്രതാപ് നഗറിൽ ബദറുൽ മുനീറിന്റെ വീട് കുത്തി തുറന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച നടത്തി.  മുഖംമൂടി സംഘം തോക്ക് ചൂണ്ടിയാണ് കവർച്ച നടത്തിയത്.

കുമ്പളപള്ളത്ത്, വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളുമാണ് കവർച്ച ചെയ്തത്. തൃക്കരിപ്പൂർ പേക്കടത്ത് പരത്തിച്ചാലിലെ എം വി രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു. കുടുംബം ബെംഗളൂരുവിലെ മകളുടെ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച.
*             *          *
ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലെ ജനങ്ങൾ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല.

കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഭാസ്‌കരന്റെ ഭാര്യ രോഹിണിയുടെ നാലേമുക്കാല്‍ പവന്റെ സ്വര്‍ണമാല, കിഴക്കുംകരയിലെ അമ്പൂഞ്ഞിയുടെ ഭാര്യ സി.കെ രോഹിണിയുടെ മൂന്നരപവന്‍ മാല,
ബസ് യാത്രക്കിടെ ഹരിപുരം വിഷ്ണുമംഗലത്തെ കുഞ്ഞിരാമന്റെ ഭാര്യ എം. ശ്യാമളയുടെ സ്വര്‍ണാഭരണം എന്നിവ കവര്‍ന്നത് തമിഴ്നാട് സ്വദേശികളായ സ്ത്രീകളാണ് എന്നാണ് വിവരം.

കാസർകോട് ജില്ലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി മോഷണ പരമ്പര തുടരുന്നതിനിടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിൽ  മോഷ്ടാക്കളെ കുടുക്കാന്‍ നാട്ടുകാർ യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെയാണ് മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും രംഗത്തിറങ്ങിയത്.

വീട് പൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പൊലീസിനെ അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ്  ഉപയോഗിക്കാം.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ക്ലബ്ബ് പ്രവര്‍ത്തകരും പൊലീസും രാത്രിയില്‍ പെട്രോളിംഗ് നടത്തും. സംശയമുള്ള കാര്യങ്ങള്‍ ഉടന്‍ ക്ലബ്ബ് പ്രവർത്തകർ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തും.

Back to top button
error: