കഴിഞ്ഞ ദിവസം ഇടതു സഹയാത്രികനും നവകേരളം മിഷൻ കോർഡിനേറ്ററുമായ ചെറിയാൻ ഫിലിപ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. അത് ഇങ്ങനെയാണ്, ” ദൗത്യം പൂർത്തിയായതിനാൽ നവകേരളം മിഷനുകളുടെ കോഡിനേറ്റർ സ്ഥാനം ഉടൻ ഒഴിയും. സെക്രട്ടറിയേറ്റിൽ നിന്നും എകെജി സെന്ററിലേയ്ക്ക്. ”
അടുത്തദിവസം ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് വാളിൽ മറ്റൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു, ” പിണറായിയോടൊപ്പം വിജയകരമായ നവകേരളം വികസന ദൗത്യങ്ങളിൽ നിശബ്ദമായി പങ്കാളിയായത് ജീവിതത്തിലെ ധന്യമായ നാളുകൾ. ”
പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ നവകേരളം മിഷൻ കോർഡിനേറ്റർ എന്ന നിലയിൽ ചെറിയാൻ ഫിലിപ്പ് സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നു. ഇനി എകെജി സെന്ററിലേക്ക് എന്ന് ചെറിയാൻ ഫിലിപ്പ് പറയുമ്പോൾ സജീവ രാഷ്ട്രീയത്തിലേയ്ക്ക് എന്ന് തന്നെയാണ് അർത്ഥം.
രണ്ടു പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാൻ ഫിലിപ്പ്. എകെ ആന്റണിയുടെ വിശ്വസ്തൻ പിന്നീട് പിണറായി വിജയന്റെ വിശ്വസ്തനായി മാറി. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ എകെജി സെന്റർ ആയിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ആസ്ഥാനം. പിണറായി മുഖ്യമന്ത്രി ആയപ്പോൾ ചെറിയാൻ ഫിലിപ്പിന്റെ ഇരിപ്പിടം സെക്രട്ടറിയേറ്റിൽ ആയി.
ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലോ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലോ ചെറിയാൻ ഫിലിപ്പ് മത്സരിക്കുമെന്നാണ് സൂചന.
കെ എസ് യു സംസ്ഥാന പ്രസിഡണ്ട് മുതൽ കെ പി സി സി സെക്രട്ടറി പദം വരെ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ വഹിച്ചിരുന്നു. സാംസ്കാരിക സംഘടനയായ കേരള ദേശീയ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായി ഒരു പതിറ്റാണ്ടോളം അദ്ദേഹം പ്രവർത്തിച്ചു.
1991 ൽ കോട്ടയം മണ്ഡലത്തിൽ ടി കെ രാമകൃഷ്ണനോട് ചെറിയാൻ ഫിലിപ്പ് മത്സരിച്ച് തോറ്റത് രണ്ടായിരത്തിൽപരം വോട്ടുകൾക്ക് മാത്രമാണ്. കോൺഗ്രസ് വിട്ടതിനുശേഷം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചു.
ഇടതു സഹയാത്രികൻ ആയതിനുശേഷം കെടിഡിസി ചെയർമാനായി. പത്തുവർഷം കൈരളി ടിവിയിൽ ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പരിപാടി അവതരിപ്പിച്ചു. ഈ പരിപാടി അഞ്ഞൂറിൽപരം എപ്പിസോഡുകൾ പൂർത്തിയാക്കി.പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ നവകേരളം മിഷന്റെ കോർഡിനേറ്റർ സ്ഥാനത്ത് എത്തി.
ഇനിയിപ്പോൾ ചെറിയ ഫിലിപ്പിനെ കാത്തിരിക്കുന്നത് സജീവരാഷ്ട്രീയത്തിന്റെ നാളുകളാണ്. രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്നിട്ടും പാർലമെന്ററി രാഷ്ട്രീയരംഗത്ത് കൈമുദ്ര പതിപ്പിക്കാൻ ചെറിയാൻ ഫിലിപ്പിന് ആയിട്ടില്ല. ഇത്തവണ രാജ്യസഭയിലോ നിയമസഭയിലോ എത്തുമെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ അഭ്യുദയകാംക്ഷികൾ കരുതുന്നത്.