ആലപ്പുഴ: 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. കൈവന്നത് മഹാഭാഗ്യമെന്നും ലോട്ടറി അടിച്ചെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയിലെന്നും വിശ്വംഭരന്‍ പറഞ്ഞു.
മാസത്തില്‍ പത്ത് ഇരുപതെണ്ണം ലോട്ടറിയെടുക്കും. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോള്‍ അടിച്ചെന്ന് കണ്ടു, വിശ്വംഭരന്‍ പറഞ്ഞു. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപര്‍ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയില്‍ ഉണ്ടായിരുന്നത്. സി.ആര്‍.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരന്‍. നിലവില്‍ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്.
അഞ്ചെട്ട് വര്‍ഷത്തോളമായി ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട്. മാസത്തില്‍ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതില്‍ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാന്‍ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരന്‍ പറഞ്ഞു. 12 കോടി എന്നൊക്കെ പറയുമ്പം ചിലര്‍ ഉറങ്ങില്ല. ചിലര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ആകും. ബംപര്‍ അടിച്ചിട്ട് തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും വിശ്വംഭരന്‍ കൂട്ടിച്ചേര്‍ത്തു.
വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബംപര്‍ അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.