SportsTRENDING

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ :കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌

 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിലെ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 36 റണ്ണിനു വീഴ്‌ത്തിയാണ്‌ ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം. 26നാണു ഫൈനല്‍. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ്‌ കൊല്‍ക്കത്ത കലാശപ്പോരിനു യോഗ്യത നേടിയത്‌.

Signature-ad

ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് ഒന്‍പത്‌ വിക്കറ്റിന്‌ 175 റണ്ണെടുത്തു. രാജസ്‌ഥാന്റെ വെല്ലുവിളി ഏഴുവിക്കറ്റ്‌ നഷ്‌ടപ്പെടുത്തി 139 റണ്ണില്‍ അവസാനിച്ചു. ബാറ്റര്‍മാര്‍ മികവിലേക്ക്‌ ഉയരാതെ പോയതാണ്‌ സഞ്‌ജു സാംസണിനും സംഘത്തിനും വിനയായത്‌. 35 പന്തില്‍ രണ്ടു സിക്‌സും ഏഴു ഫോറും അടക്കം പുറത്താകാതെ 56 റണ്ണടിച്ച ധ്രുവ്‌ ജുറെല്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ മുന്നു സിക്‌സും നാലുഫോറും ഉള്‍പ്പെടെ 42) എന്നിവരൊഴികെയുള്ള രാജസ്‌ഥാന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ടോം കോഹ്ലര്‍ കാഡ്‌മോര്‍ (10) സഞ്‌ജു സാംസണ്‍ (10), റയാന്‍ പരാഗ്‌ (ആറ്‌) രവിചന്ദ്രന്‍ അശ്വിന്‍ (പൂജ്യം), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (നാല്‌), റോവ്‌മാന്‍ പവല്‍ (ആറ്‌) എന്നിവരും രാജസ്‌ഥാന്‍ നിരയില്‍ പുറത്തായി. ട്രെന്റ്‌ ബോള്‍ട്ട്‌ (പൂജ്യം) പുറത്താകാതെനിന്നു. ഇംപാക്‌ട് പ്ലെയറായെത്തിയ ഷാബാസ്‌ അഹമ്മദ്‌ മൂന്നും പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍ അഭിഷേക്‌ ശര്‍മ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി ഹൈദരാബാദിന്റെ ജയം ഉറപ്പാക്കി. പാറ്റ്‌ കമ്മിന്‍സും ടി. നടരാജനും ഓരോ ഇരകളെ കിട്ടി.

നേരത്തെ മൂന്നു വിക്കറ്റ്‌ വീതമെടുത്ത ട്രെന്റ്‌ ബോള്‍ട്ടും ആവേശ്‌ ഖാനുമാണ്‌ ഹൈദരാബാദ്‌ കുതിപ്പിന്‌ കടിഞ്ഞാണിട്ടത്‌. യുസ്‌വേന്ദ്ര ചാഹലിന്റെ മൂന്ന്‌ ക്യാച്ചുകള്‍ നിര്‍ണായകമായി.
വിക്കറ്റ്‌ കീപ്പര്‍ ഹെന്‍റിച്‌ക്ലാസന്റെ (34 പന്തില്‍ നാല്‌ സിക്‌സറുകളടക്കം 50) അര്‍ധ സെഞ്ചുറിയാണ്‌ ഹൈദരാബാദിനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌.

Back to top button
error: