NEWSWorld

സമ്പാദ്യം ഇരട്ടിപ്പിക്കാൻ പ്രയത്നിക്കുന്നവൻ ജീവിതം ആസ്വദിക്കുന്നില്ല. സമ്പത്തല്ല സന്തോഷവും സംതൃപ്തിയുമാണ് പ്രധാനം

     അയാള്‍ വലിയ സത്യസന്ധനും  സ്വന്തം ചെറിയ ജീവിതത്തില്‍ സംതൃപ്തനുമായിരുന്നു.  തൊഴിലിലെ മികവുമൂലം അയാള്‍ക്ക് കൊട്ടാരത്തില്‍ ജോലിയും ലഭിച്ചു.
ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടെ അയാള്‍ ഒരു അശരീരി കേട്ടു:
“നിന്റെ വീട്ടില്‍ ഏഴു കുടം നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ട്….”

അയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍പ്പടിയില്‍ ഏഴു കുടങ്ങൾ ഇരിപ്പുണ്ടായിരുന്നു.
അയാളും ഭാര്യയും ചേര്‍ന്ന് കുടങ്ങള്‍ തുറന്ന് നോക്കിയപ്പോള്‍ ഏഴാമത്തെ കുടമൊഴികെ ബാക്കിയുള്ള കുടങ്ങളില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങൾ ഉണ്ട്.

Signature-ad

ഏഴാമത്തെ കുടത്തില്‍ മാത്രം പാതിയേ ഉണ്ടായിരുന്നുള്ളൂ.. അന്നുമുതല്‍ ആ കുടം കൂടി നിറയ്ക്കുക എന്നതായി മാറി അയാളുടെ ലക്ഷ്യം.
വീട്ടുസാധങ്ങള്‍ വാങ്ങാന്‍ ഭാര്യക്ക് നല്‍കുന്ന പണം കുറച്ചു. കിട്ടുന്ന പണം മുഴുവന്‍ കുടത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പിശുക്ക് മൂലം ഭാര്യയുമായി എന്നും വഴക്കായി.
ഈ സ്വഭാവവ്യത്യാസം കണ്ട രാജാവ് കാരണമന്വേഷിച്ചു.  എല്ലാം കേട്ട് രാജാവ് പറഞ്ഞു:
“ഏഴാമത്തെ കുടം നീ മററുള്ളവര്‍ക്ക് കൊടുക്കുക…”

ആദ്യം അല്പം മടിച്ചെങ്കിലും അയാള്‍ അങ്ങിനെ ചെയ്തു.  അതിനുശേഷം അയാളുടെ ജീവിതം വീണ്ടും പഴയതുപോലെയായി.  ഇതും പോരാ ഇനിയും വേണമെന്ന ചിന്ത സമ്പാദ്യത്തിന്റെതു മാത്രമല്ല, പിശുക്കിന്റേതുകൂടിയാണ്.

ഏഴാമത്തെ കുടം നിറയ്ക്കാനുള്ള ശ്രമമാണ് ആറുകുടങ്ങളേയും ഉപയോഗരഹിതമാക്കുന്നത്.  സമ്പാദ്യം മാത്രം ലക്ഷ്യമായാല്‍ പിന്നെ ജീവിതത്തില്‍ മുതല്‍ മുടക്കുണ്ടാകില്ല. എല്ലാം എവിടെയെങ്കിലും കുന്നുകൂട്ടുന്നതില്‍ മാത്രമാകും ശ്രദ്ധ. ഒരാള്‍ എവിടെ സ്വത്ത് നിക്ഷേപിക്കുന്നു എന്നറിഞ്ഞാല്‍ അയാള്‍ എന്തിനൊക്കെ ജീവിതത്തല്‍ വിലകല്‍പിക്കുന്നു എന്നു മനസ്സിലാക്കാം.
എല്ലാവരും അടുത്തതലമുറയ്ക്ക് വേണ്ടി സമ്പാദിക്കുമ്പോള്‍ ഒരു തലമുറയും ജീവിതം ആസ്വദിക്കില്ല.  യഥാര്‍ത്ഥത്തില്‍ സന്തോഷം നല്‍കുന്നത് സമ്പത്തല്ല, സമ്പത്തിന്റെ വിനിയോഗമാണ്.   സന്തോഷവും സംതൃപ്തിയും നല്‍കുന്നിടത്ത് നിക്ഷേപിക്കാന്‍ നമുക്ക് സാധിക്കട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: