KeralaNEWS

ഇണകളിൽ ഒരാൾക്ക് കൂടുതൽ ഇണ ചേരണം, പക്ഷേ ഭാര്യയ്ക്ക് വിരക്തി, ഭർത്താവിന് ആർത്തി

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

   ഭർത്താവിന് വയസ്സ് 61. ഭാര്യക്ക് 3 വയസ്സ് ഇളപ്പം. കഴിഞ്ഞ 5 വർഷമായി ഇണ ചേരുന്നത് ആദ്യം ആഴ്ചയിൽ ഒന്ന് എന്നത് പതിയെ മാസത്തിൽ ഒന്ന് എന്നായി. പിന്നെ വർഷത്തിൽ വല്ലപ്പോഴുമായി. പിന്നെ അതങ്ങ് നിന്നു. ഭർത്താവ് മറ്റ് സ്ത്രീകളെ കാണുമ്പോൾ ആർത്തിയോടെ നോക്കും; അവരുമായി ഇണ ചേരുന്നത് വിഭാവന ചെയ്യും. അപ്പോൾ മനസ്സ് വിലക്കും. പിന്നെ കുറ്റബോധമായി. ഒടുവിൽ പ്രശ്നം തെറാപ്പിസ്റ്റിന്റെ അടുത്ത് എത്തുന്നു. ചിലപ്പോൾ ഒറ്റയ്ക്ക്; ചിലപ്പോൾ ഇണകൾ ഒരുമിച്ച്.

പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണെന്ന് തെറാപ്പിസ്റ്റ് പറയുമ്പോഴാണ് ഭർത്താവ് മനസ്സ് തുറന്നത്:

”എപ്പോഴും ഞാനാണ് ആവശ്യക്കാരൻ എന്ന് അവൾക്ക് തോന്നരുത്.”
ഭാര്യ എന്ത് പറയുന്നു എന്നായി തെറാപ്പിസ്റ്റ്.

”വിവാഹപ്രായമെത്തിയ മക്കൾ ഉള്ളപ്പോഴാ ഇതിയാന്റെ ഒരു…!”

ദമ്പതികൾ തമ്മിൽ കൂടുതൽ ആശയവിനിമയം നടത്താൻ തെറാപ്പിസ്റ്റ് ഉത്സാഹിപ്പിക്കുന്നു. ‘വയസ്സായത് കൊണ്ട് എന്നെ പിടിക്കാത്തതാണോ എന്ന് പലപ്പോഴും സന്ദേഹിച്ചിട്ടുണ്ടെന്ന്’ ഭർത്താവ്. ‘ഞാൻ എതിരല്ല. പക്ഷെ പുകച്ചിലും ഡ്രൈനെസ്സുമായി ശരീരം സമ്മതിക്കുന്നില്ല’ എന്ന് ഭാര്യ.

ഭർത്താവ് കൂടുതൽ മനസ്സ് തുറക്കുന്നു:

”ഇവളെ ഉണർത്താമെന്ന് വിചാരിച്ചാൽ ‘അയ്യേ ഞാൻ കുളിച്ചിട്ടില്ല’ എന്നൊരു ദിവസം പറയും. കുളിച്ച് കഴിഞ്ഞാവാം എന്ന് കരുതി സമീപിക്കുമ്പോൾ, ‘അയ്യേ ഞാൻ കുളിച്ചതാണ്!’ എന്നായിരിക്കും പ്രതികരണം.”

പരസ്‌പരമുള്ള തുറന്നു പറച്ചിലിന് തെറാപ്പിസ്റ്റിന്റെ സാന്നിധ്യം വേണമെന്നില്ലെന്നും പങ്കാളികൾ അതിനായി കുറച്ച് സമയം കണ്ടെത്തണമെന്നും തെറാപ്പിസ്റ്റ്.
അങ്ങേയറ്റം സ്വകാര്യതയിൽ നടക്കേണ്ട കാര്യങ്ങളിൽ, തെറാപ്പിസ്റ്റ് ഇടപെടേണ്ടി വരുന്നത് സ്വകാര്യത ദമ്പതികൾക്കിടയിൽ നിന്നുപോയത് കൊണ്ടാണെന്നും ഓർമ്മപ്പെടുത്തൽ.

സെക്‌സ് ചെയ്യുമ്പോൾ കിട്ടുന്ന പരിണിതഫലം എന്താണെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നാണ് തെറാപ്പിസ്റ്റിന് അടുത്തതായി പറയാനുള്ളത്.
പിരിമുറുക്കം അയഞ്ഞ് കിട്ടുമോ? ഉറങ്ങാനുള്ള മരുന്നായി ലൈംഗികതയെ കാണുന്നുണ്ടോ? അതോ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് എന്ന് മനസ്സിനെ ബോധിപ്പിക്കാനോ…?

ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് തെറാപ്പിസ്റ്റിന്റെ ഇടപെടൽ ഏറ്റവും കൂടുതൽ ആവശ്യമായി കാണേണ്ടത്. സെക്‌സിനെക്കുറിച്ചുള്ള നിറം ചേർത്ത പ്രതീക്ഷകൾ റിയലിസ്റ്റിക് ആവണമെന്നില്ല. അവ പരിശോധിക്കാനാണ് വൈദ്യസഹായം. വിവാഹം എന്നത് സെക്‌സ് ചെയ്യാനുള്ള ലൈസൻസ് മാത്രമായി കാണരുത്.

ലൈംഗികമായി ബന്ധപ്പെടാതെ തന്നെ സെക്ഷ്വൽ സംതൃപ്‌തി കണ്ടെത്താം എന്നത് അടുത്ത പാഠം. മൂർച്ഛയിലേയ്ക്കുള്ള വിവിധ വഴികൾ കാണേണ്ടതും ശ്രമിക്കേണ്ടതും ദമ്പതികളുടെ ഇഷ്‌ടവും സൗകര്യവും അനുസരിച്ചിരിക്കും. പക്ഷെ ഇതിനൊക്കെ ഒരുകാര്യം അത്യാവശ്യമായി വേണം:

‘പരസ്‌പരമുള്ള തുറന്നു പറച്ചിൽ.’

Back to top button
error: