കാസർകോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ ഇനി അന്വേഷണം നടക്കുക.
ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ആദൂര്‍ സി.ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസില്‍ അന്വേഷണം നടത്തിവന്നത്. എന്നാല്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ സൊസൈറ്റി സെക്രട്ടറി കെ. രതീഷിനെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല.
രതീഷ് കര്‍ണ്ണാടകയിൽ ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരുവിലുണ്ട് എന്നാണ് ആദ്യം ലഭിച്ച സൂചന. ആദൂര്‍ എസ്.ഐ കെ. അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രതീഷ് ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഹാസനിലെത്തി നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. രതീഷ് മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്യുന്നുണ്ട്. പിന്നീട് സ്വിച്ച് ഓഫാക്കും. ഇതാണ് പൊലീസിനെ കുഴച്ചിരുന്നത്.
രതീഷിനെ പിടികൂടിയാല്‍ മാത്രമേ തട്ടിയെടുത്ത തുക എങ്ങോട്ട് മാറ്റിയെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ. സൊസൈറ്റിയിലെ അംഗങ്ങള്‍ അറിയാതെയും പണയ സ്വര്‍ണ്ണം ഇല്ലാതെയും അവരുടെ പേരില്‍ രതീഷ് സ്വര്ണ്ണവായ്പയെടുത്തു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കേരളബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ നിന്ന് രതീഷ് ഭൂരിഭാഗം തുകയും തട്ടിയെടുത്തതായും പണയസ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയതായും വ്യക്തമായി. അതിനിടെ രതീഷ് പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കേസെടുത്തതിന് പിന്നാലെ സൊസൈറ്റിയിലെ മുഴുവന്‍ പണമിടപാടും ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു.
പണം പിന്‍വലിക്കാൻ എത്തുന്നവരോട് ഒരാഴ്ച കാത്തിരിക്കാനാണ് ജീവനക്കാര്‍ പറയുന്നത്.