8 വയസ്സുകാരിയായ അൻഷിക ആനാട് പഞ്ചായത്തിലെ രാമപുരം ഗവൺമെൻ്റ് സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കിളിക്കൂട്ടം’ അവധിക്കാല ക്യാമ്പിൽ എത്തിയ മന്ത്രി ശിവൻകുട്ടിക്കു മുമ്പിൽ അൻഷിക ഒരു പരാതിയുമായിട്ടാണ് എത്തിയത്:
“സർ എൻ്റെ പേര് അൻഷിക, ഞാൻ രാമപുരം ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. എൻ്റെ സ്കൂളിൻ്റെ പഠന നിലവാരം മികച്ചതാണ്. പക്ഷേ വർഷങ്ങളോളം പഴക്കമുള്ള ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ചോരുന്നുണ്ട്…”
അൻഷിക ഇങ്ങനെയാണ് തന്റെ പരാതി അവതരിപ്പിച്ചത്.
സ്കൂളിന്റെ അവസ്ഥ മോശമാണെന്ന കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടല്ലോ എന്ന് ആത്മഗതം ചെയ്ത മന്ത്രി മോളുടെ സ്കൂളിന് പുതിയ കെട്ടിടം വേണ്ടേ എന്ന് ചോദിച്ചു.
“വേണം, പക്ഷെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.” അൻഷിക നിഷ്കളങ്കമായി മറുപടി പറഞ്ഞു.
“സ്കൂൾ അധികൃതരോട് ഒരു അപേക്ഷ തരാൻ പറ മോളെ, അടുത്ത മാസം പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനുള്ള ഉത്തരവു നൽകാം…”
മന്ത്രി ഉറപ്പ് നൽകി. ക്യാമ്പിൽ ഹർഷാരവമുയർന്നു. ക്യാമ്പ
നെടുമങ്ങാട് സ്വദേശിനിയായ ആ 8 വയസ്സുകാരി സന്തോഷത്തോടെ സ്വന്തം ഇരിപ്പിടത്തിലേക്ക് തിരിച്ച് പോയി.
കുട്ടികളും മന്ത്രിയും തമ്മിലുള്ള സംവാദം സജീവമായിരുന്നു. ചോദ്യശരങ്ങളുമായി മിടുക്കന്മാരും ക്യാമ്പിലെ മിടുക്കികളും മന്ത്രിയെ പൊതിഞ്ഞു.
“വെക്കേഷനെല്ലാം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ പോകാൻ മടിയുള്ളവരുണ്ടോ?”
എന്ന് മന്ത്രി ആരാഞ്ഞു.
“ഇല്ല” എന്ന് കുരുന്നുകളുടെ മറുപടി.
“മോഡൽ പരീക്ഷകൾ നല്ലതുപോലെ എഴുതിയോ, പരീക്ഷയിലെ തെറ്റുകൾ അദ്ധ്യാപകർ മനസ്സിലാക്കി തരാറുണ്ടോ, എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കു കിട്ടിയവർ എത്രപേരുണ്ട്,” എന്നിങ്ങനെ ചോദ്യങ്ങളുമായി മന്ത്രിയും കുട്ടികളോടൊപ്പം കൂടി.
ചോദ്യങ്ങളും മറുപടിയും പെരുമഴപോലെ പെയ്തിറങ്ങി.
“നിങ്ങൾക്കു ഭാവിയിൽ ആരാകണം?”
പൈലറ്റ്, ഐഎഎസ്, ഐപിഎസ്, ഡോക്ടർ, എഞ്ചിനീയർ ഇങ്ങനെ നീണ്ടു ഓരോരുത്തരുടെയും ആഗ്രഹങ്ങൾ.
“നിങ്ങളിൽ എത്ര പേർക്ക് മന്ത്രിയാകണം?”
ക്യാമ്പംഗങ്ങൾ പകുതി പേരും കൈയുയർത്തി.
“കേന്ദ്രീയ വിദ്യാലയത്തിൽ ഹിന്ദി നിർബന്ധമായും സിലബസിൽ ഉൾപ്പെടുത്തി. പുസ്തകത്തിൽ രാമൻ ൻ്റെയും രാവണൻ്റെയും കഥകൾ പഠിപ്പിക്കുന്നത് ശരിയാണോ?”
കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള കുട്ടിയുടെ ചോദ്യത്തിന് ഏതു പഠിച്ചാലും കുഴപ്പമില്ല. അതിലെ ശരിയും തെറ്റും കുട്ടികൾക്ക് ബോധ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
ഈ അധ്യയന വർഷം സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെടുത്തും. താനൊരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നു വന്നവനായതുകൊണ്ട് സാധാരണക്കാരായ കുട്ടികൾ പഠിക്കാനെത്തുന്ന സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ക്യാമ്പംഗങ്ങൾക്ക് മിഠായിയും വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്. ഏപ്രിൽ 3ന് ആരംഭിച്ച അവധിക്കാല ക്യാമ്പിൽ 420 കുട്ടികളാണ് പങ്കെടുക്കുന്നത്. ക്യാമ്പ് മെയ് 25-ന് അവസാനിക്കും.