NEWSPravasi

മലയാളി യുവാവ് 6 വർഷം സൗദിയില്‍ കുടുങ്ങി, ഒടുവിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ നാടണഞ്ഞു

    ജിദ്ദ: തൊഴില്‍ പ്രതിസന്ധിയിലും നിയമക്കുരുക്കിലും പെട്ട് നാട്ടില്‍ പോകാന്‍ കഴിയാത്ത മലയാളി യുവാവിന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ ഒടുവില്‍ നാടണയാനായി. മലപ്പുറം കാരാട് സ്വദേശിയായ ഇല്ലത്ത് റാഫിക്കാണ് 6 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റായ മുഹമ്മദലി കുറുക്കോളിന്റെ ഇടപെടലില്‍ നാട്ടിലെത്താനായത്.

ഏറെ വര്‍ഷങ്ങള്‍ ബൂഫിയയില്‍ ജീവനക്കാരനായി പ്രവാസ ജീവിതം തുടങ്ങിയ റാഫിയുടെ സ്‌പോണ്‍സര്‍ സ്ഥാപനം ഒഴിവാക്കിയതോടെയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്.

Signature-ad

യാംബുവിലും മക്കയിലുമായി മറ്റും ചില്ലറ ജോലി ചെയ്തു വരികയായിരുന്ന റാഫിയെ സ്‌പോണ്‍സര്‍ ‘ഹുറൂബ്’ കൂടി ആക്കിയതോടെ താമസ രേഖ മാറ്റുവാനോ നിയമ പ്രകാരം മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാനോ കഴിയാതെ വന്നു. റാഫി അകപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ജിദ്ദയിലും മറ്റുമുള്ള പല സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടുവെങ്കിലും പരിഹരിക്കാനായില്ല.

ഇതിനിടയിലാണ് 4 മാസങ്ങള്‍ക്കു മുമ്പ് റാഫിയുടെ പ്രശ്‌നം മുഹമ്മദലിയുടെ ശ്രദ്ധയില്‍  എത്തിയത്. വ്യക്തിപരമായി ബന്ധമുള്ള യാംബുവിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മുഹമ്മദലി, വിഷയം ചര്‍ച്ച ചെയ്തു. അതോടെയാണ് പരിഹാരമാര്‍ഗം തെളിഞ്ഞത്. ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകരം യാംബു ‘തര്‍ഹീല്‍’ വഴി റാഫിയെ നാട്ടിൽ അയക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

കുറച്ച് ദിവസം മുമ്പു തന്നെ നാട്ടിലേക്ക് പോകാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ റാഫിയെ പൊലീസ് തര്‍ഹീലില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ചുവെങ്കിലും വൈകിയതിനാല്‍ അന്ന് ‘ബോര്‍ഡിങ് പാസ്’ എടുക്കാന്‍ കഴിയാതെ വീണ്ടും തര്‍ഹീലിലേക്ക് തന്നെ മടങ്ങേണ്ടിവന്നു. മുഹമ്മദലിയുടെ ഇടപെടലില്‍ പിന്നീട് വെള്ളിയാഴ്ചത്തേക്ക് വിമാനടിക്കറ്റ് മാറ്റിയെടുക്കുകയും  പൊലീസ് അതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) യാംബു സെന്‍ട്രല്‍ കമ്മിറ്റിയാണ് റാഫിക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എടുത്തുകൊടുത്തത്.

വര്‍ഷങ്ങളുടെ ദുരിതപൂര്‍ണമായ പ്രവാസത്തിനിടയില്‍ വിവിധ രീതിയില്‍ സഹായങ്ങള്‍ നല്‍കിയ സുമനസ്സുകളായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് റാഫി വെള്ളിയാഴ്ച വൈകിട്ട് നാട്ടിലെത്തി

Back to top button
error: