ഇടുക്കി: സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂണിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്. ശരാശരി 10 കോടി യൂണിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന് 9 കോടി യൂണിറ്റിന് താഴെയായി കുറഞ്ഞു.
പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂണിറ്റിന്‍റെയും പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂണിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.
മേയ് 3നാണ് 11.59 കോടി യൂണിറ്റെന്ന റെക്കോഡിൽ എത്തിയത്. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്.