ന്യൂഡൽഹി: ജയില്‍ മോചിതനായതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.
സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ കെജ്രിവാള്‍ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മള്‍ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങള്‍ അത് അനുവദിച്ചില്ല. ഏകാധിപത്യ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഞാൻ അതിനെതിരെ പോരാടും. 140 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തണം -കെജ്രിവാള്‍ വ്യക്തമാക്കി.