കാഞ്ഞങ്ങാട്: മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു. മാലോം പുഞ്ചയിലെ കല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്.
മലയോര ഹൈവേയിലെ ആലക്കോട് രയറോത്ത് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം.
മകൻ റോബർട്ടിന്റെ ഒത്തുകല്യാണത്തിന് ശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
വിൻസെന്റ് സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിൻസെന്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മാലോം പുഞ്ചയിൽ കുടുംബ സമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് നിർമ്മിച്ചിരുന്നു.
ഒത്തുകല്യാണത്തിനു കൂടെപ്പോയ മകൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വിൻസെന്റ് സന്തത സഹചാരിയായ സ്വന്തം സ്കൂട്ടറിലാണ് വീട്ടിലേയ്ക്കു പുറപ്പെട്ടത്.
റോസമ്മയാണ് ഭാര്യ. മറ്റുമക്കൾ: ബ്രിജിത്ത, ജാനറ്റ്. മരുമക്കൾ: സാന്റോ, മജോ.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.