പറവൂരും പിറവവും സിപിഐയും സിപിഐഎമ്മും വെച്ചു മാറുന്നു. സിപിഐ തുടർച്ചയായി മത്സരിക്കുന്ന പറവൂരിൽ മത്സരിച്ചാൽ കൊള്ളാം എന്നാണ് സിപിഐഎം നിലപാട്. പകരം സിപിഐക്ക് പിറവം നൽകാനാണ് ആലോചന. വിഡി സതീശനെ വീഴ്ത്തുക തന്നെയാണ് സിപിഐഎം ലക്ഷ്യം.
2001 മുതൽ പറവൂരിലെ സ്ഥിരം ജനപ്രതിനിധിയാണ് വിഡി സതീശൻ. എന്നാൽ ലോക്സഭാ,തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ എൽഡിഎഫിന് ആണ് ലീഡ്.
കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങൾ പരസ്പരം കൈമാറാനും സിപിഐഎം ആഗ്രഹിക്കുന്നു. സിപിഐഎം മത്സരിക്കുന്ന ബാലുശ്ശേരിയും സിപിഐ മത്സരിക്കുന്ന നാദാപുരവും പരസ്പരം വെച്ച് മാറാം എന്നാണ് നിർദേശം.
ഈ രണ്ടു നിർദ്ദേശങ്ങളും സിപിഐ പരിഗണിക്കുകയാണ്. കണ്ണൂരിൽ ഇരിക്കൂർ മാറ്റി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ ലഭിക്കുമോ എന്നാണ് സിപിഐ നോക്കുന്നത്. ഇരിക്കൂർ മാണി വിഭാഗം മത്സരിക്കട്ടെ എന്നാണ് സിപിഐ നിലപാട്.എന്നാൽ പകരം സീറ്റ് ഉറപ്പായും വേണം.
ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തലയുടെ മണ്ഡലം ഏറ്റെടുക്കാൻ ആകുമോ എന്നാണ് സിപിഐഎം നോക്കുന്നത്. ഹരിപ്പാടിന് പകരം അരൂർ നൽകാൻ സിപിഎം തയ്യാറാണ്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന് സിപിഎം വിട്ടുനൽകും. പകരം മണ്ഡലം വേണമെന്നാണ് സിപിഐ ആവശ്യം.