IndiaNEWS

മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; പൊളിഞ്ഞുവീഴുന്ന ബിജെപി കോട്ടകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ വിധി എഴുതുന്ന മൂന്നാം ഘട്ട വോട്ടെട്ടുപ്പിന് തുടക്കം. 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മല്‍സരം നടക്കുന്ന ഭൂരിപക്ഷവും ബിജെപി കോട്ടകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
എന്നാൽ കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വിവാദം, ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വിദ്വേഷ നീക്കങ്ങള്‍, ബിജെപിക്കെതിരായ ക്ഷത്രിയ വിഭാഗത്തിന്റെ എതിര്‍പ്പ് എന്നിവയെല്ലാം വോട്ടര്‍മാരെ സ്വാധിനിക്കുമെന്നാണ് വിലയിരുത്തല്‍.
 മോദിയടക്കമുള്ള നേതാക്കള്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലും ജാതി സംവരണം സംബന്ധിച്ച നുണകഥകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള പ്രചാരണമാണ് ഇന്ത്യ മുന്നണി നടത്തിയത്.തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, സാമൂഹ്യനീതി എന്നിവയെല്ലാം പ്രതിപക്ഷം പ്രചാരണത്തിന് ഉപയോഗിച്ചു. ഒപ്പം എന്‍ഡിഎ നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും ആയുധമാക്കി.
ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവും പശ്ചിമബംഗാളില്‍ ഇടതുമെല്ലാം ശക്തമായ പ്രചാരണമാണ് ഇത്തവണ കാഴ്ച വച്ചത്. മോദിയുടെ 400 സീറ്റെന്ന മുദ്രാവാക്യത്തെ തന്നെ അത് അപ്രത്യക്ഷമാക്കിയിരുന്നു.തുടർന്നാണ് വർഗീയകാർഡ് ഇറക്കാൻ വീണ്ടും ബിജെപി നിർബന്ധിതരായത്.

കര്‍ണാടകയില്‍ 28 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയ്ക്ക് ഇവിടെ തലവേദന സൃഷ്ടിച്ചിരിക്കുന്നത് സഖ്യകക്ഷിയായ ജെഡിഎസിലെ പ്രജ്വല്‍ രേവണ്ണയാണ്. രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ 28ല്‍ പകുതി സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിച്ചിരുന്നു. ഗുജറാത്തിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസും ആദ്മി പാര്‍ട്ടിയുമാണ് ബിജെപിയുമായി എതിരാടാന്‍ നില്‍ക്കുന്നത്. വോട്ടുബലമില്ലെങ്കിലും ഇരുകൂട്ടരും ശക്തമായ പ്രചാരണമാണ് ഇത്തവണ കാഴ്ചവച്ചത്. സംസ്ഥാനത്ത് വലിയ പ്രതിസന്ധിയായിരിക്കുന്നത് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ രജപുത്രവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം തങ്ങളെ ബാധിക്കുമെന്ന ഭയത്തിലാണ് പാര്‍ട്ടിയുള്ളത്. ക്ഷത്രിയവിഭാഗം ഇപ്പോഴും ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ ബാവ്നഗര്‍,ബനാസ്ഗട്ട,ജുനഗഡ്, രാജ്‌കോട്ട്,ബറൂച് മണ്ഡലങ്ങളില്‍ ബിജെപി കനത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തല്‍.

 

Signature-ad

ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയുടെ തിരിച്ച് വരവിന്റെ വിധി കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. മൂന്നാം ഘട്ടത്തില്‍ 10 മണ്ഡലങ്ങളിലാണ് മല്‍സരം നടക്കുന്നത്. 2019ല്‍ ഈ 10ല്‍ 8എണ്ണം ബിജെപിയാണ് നേടിയത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍, ബന്ധുക്കളായ അക്ഷയ് യാദവ് (ഫിറോസാബാദ്), ആദിത്യ യാദവ് (ബദൗന്‍) എ്ന്നിവരാണ് വിധി തേടുന്ന പ്രമുഖര്‍. കുടുംബ പോരിന്റെ പേരില്‍ ദേശീയ ശ്രദ്ധ നേടിയ മഹാരാഷ്ട്രയിലെ ബരാമതിയിലും ഇന്നാണ് വിധിയെഴുത്ത്. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യയായ സുനേത്ര പവാറും തമ്മിലാണ് ഇവിടെ മാറ്റുരക്കല്‍.

Back to top button
error: