KeralaNEWS

പ്രകാശ് ജാവഡേക്കറെ കണ്ടതായി സമ്മതിച്ച് ഇ.പി, ജയരാജന് ജാഗ്രതയില്ലെന്നും പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടുമെന്നും പിണറായി

   കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതായി സ്ഥിരീകരിച്ച് ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ. കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി:

‘‘കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. എന്നെ പരിചയപ്പെടാനാണ് വന്നത്. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഉടൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്കു കൊണ്ടുവന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല എന്റെ രാഷ്ട്രീയം. എന്നെ കാണാൻ വന്നവരെക്കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല.”

മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്:

‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്നും അദ്ദേഹം പറഞ്ഞു.

”ഇന്ന് ആരെ ചതിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.”
പിണറായി വിജയന്‍ പറഞ്ഞു.

‘‘കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാൻ ശ്രമം നടന്നു. സുധാകരന്റെ ആർഎസ്എസ് – ബിജെപി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കേണ്ട. നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. ഇന്നുവരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ അടുത്തു കണ്ടിട്ടില്ല. ശോഭ സുരേന്ദ്രനും  കെ.സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ് ആരോപണത്തിന് പിന്നിൽ. ശോഭയുമായി എന്റെ മകനും ബന്ധമില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽവച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. ഡല്‍ഹിയിലേക്ക് പോയിട്ട് രണ്ടു വര്‍ഷമായി. നന്ദകുമാറിന് ഒപ്പം എനിക്ക് പോകേണ്ട കാര്യമില്ല’’
ഇ.പി ജയരാജൻ വിശദീകരിച്ചു.

Back to top button
error: