കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കേസെടുത്ത് പൊലീസ്.
ശൈലജ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനവും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്.
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനം ഇകഴ്ത്തുന്ന രീതിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പരാമർശിച്ചിരിക്കുന്നത്. എന്നാല്‍ താൻ ട്രോളായാണ് പോസ്റ്റിട്ടതെന്നാണ് മിൻഹാജ് പറയുന്നത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്നാണ് സൂചന.
അതേസമയം അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം പ്രതികരിച്ചു.