തിങ്കളാഴ്ച തൻ്റെ അമരാവതി മണ്ഡലത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് റാണ പ്രസ്താവന നടത്തിയത്.
‘ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ നമുക്ക് ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിച്ച് വോട്ട് ചെയ്യാൻ പറയേണ്ടിവരും. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ നില്‍ക്കരുത്,’ എന്നായിരുന്നു റാണ പറഞ്ഞത്.
വീഡിയോ വൈറലായതോടെ എൻസിപി ശരദ്പവാർ വിഭാഗവും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും രംഗത്തെത്തി. നവനീത് റാണ പറഞ്ഞത് വസ്തുതയാണെന്ന് എൻസിപി (എസ്പി) മുഖ്യ വക്താവ് മഹേഷ് തപസെ പറഞ്ഞു. മോദി തരംഗം ഇല്ലെന്ന് ബിജെപിക്ക് തന്നെ അറിയാമെന്നും മഹേഷ് പറഞ്ഞു. മോദിക്ക് തൻ്റെ സീറ്റ് നേടാനാകുമോ എന്നത് വലിയ ചോദ്യമാണെന്നായിരുന്നു ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
പ്രസംഗം വിവാദമായതോടെ പ്രസ്താവന തിരുത്തുമായി റാണ രംഗത്തെത്തി. വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യം മുഴുവൻ മോദി തരംഗമുണ്ടെന്നും എൻഡിഎ 400ല്‍ അധികം സീറ്റ് നേടുമെന്നും അവർ വിശദീകരിച്ചു.