NEWS

പ്രണയപ്പക: പട്ടാമ്പിയിൽ 30കാരിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവും ജീവനൊടുക്കി

   പാലക്കാട് പട്ടാമ്പിയിൽ 30കാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച ശേഷം  പ്രതിയായ യുവാവും ജീവനൊടുക്കി. തൃത്താല ആലൂർ  സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി കെ.പി പ്രവിയയെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷ് ജീവനൊടുക്കിയത്.

പ്രവിയ മുമ്പ്  സന്തോഷിൻ്റെ  ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.

Signature-ad

നേരത്തേ വിവാഹിതയായിരുന്ന പ്രവിയ ഈ ബന്ധം ഒഴിഞ്ഞിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ  സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയി. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.

ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്നു രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്രേ. പ്രവിയയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Back to top button
error: