കാര്‍ഷിക സമൃദ്ധിയുടെ ഗതകാല സ്മരണകളുണര്‍ത്തി മലയാളിക്കള്‍ക്ക് ഒരു വിഷു കൂടി. കണിക്കൊന്നയും കണിവെളളരിയും കൈനീട്ടവുമൊക്കെ പുതിയ കാലത്തിന് കേവലം യാന്ത്രികാചാരങ്ങള്‍ മാത്രമാകുമ്പോഴും, മലയാളി ഇന്നും വിഷുപ്പുലരിയുടെ തിരുമുല്‍ക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.
മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കും എന്നാണു വിശ്വാസം.
സമ്പൽ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കൽപം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്.
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും കണി കണ്ടുണരുന്ന മലയാളിക്ക് വിഷു അചാരങ്ങളും ആഘോഷങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഉത്സവമാണ്. പ്രകൃതിയുമായും മാനവികതയുമായും ഇത്രകണ്ട് ഇഴുകിച്ചേര്‍ന്ന മറ്റൊരു ആഘോഷം മലയാളിക്ക് ഉണ്ടാവില്ല. കണിക്കൊന്നയും നാളികേരവും ചക്കയും, മാങ്ങയും, കണിവെള്ളരിയും, ഓട്ടുരളിയില്‍ നിറയുമ്പോള്‍ അത് വരുംകാലത്തേക്കുള്ള പ്രതീക്ഷയാകുന്നു.
പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന കൈനീട്ടവും മാമ്പഴ പുളിശ്ശേരിയുടെ സ്വാദില്‍ തൂശനിലയില്‍ വിളമ്പുന്ന വിഷുസദ്യയും മലയാളിക്ക് മറക്കാനുമാവില്ല.
കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. വേനലില്‍ വെന്തുരുകിയ മണ്ണില്‍ പെയ്തിറങ്ങുന്ന വേനല്‍മഴയില്‍ വിതയ്ക്കാന്‍ മണ്ണൊരുങ്ങുമ്പോള്‍ ആദ്യ വിത്തിനെ മണ്ണിലേക്ക് പകരാന്‍ തിരഞ്ഞെടുത്ത ദിനം.
വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം.
“ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും……“
എല്ലാ മലയാളികൾക്കും ന്യൂസ് ദെൻന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.