Lead NewsNEWS

വിജയലക്ഷ്മിയുടെ മരണകാരണം ഭർത്താവ് പ്രദീപ് പല കേസുകളിലും പ്രതിയായതോ.?

ചാരുംമൂട് പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച വിജയലക്ഷ്മി ഭർത്താവ് പല കേസുകളിലും പ്രതിയായതിനെത്തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വാർത്തകൾ. പ്രദീപിന്റെ വഴി വിട്ട ജീവിതവും മോഷണ ശ്രമവും ബാംഗ്ലൂരിൽ നടത്തിയ കൊലപാതകവുമാണ് വിജയലക്ഷ്മിയുടെ മന:പ്രയാസത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ വച്ച് വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് പ്രദീപ്. ഈ കേസിന്റെ ഭാഗമായി ബാംഗ്ലൂരിൽ നിന്നുള്ള പൊലീസ് സംഘം ഡിസംബർ 29ന് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിജയലക്ഷ്മി മക്കളുമൊത്ത് നാട്ടിലേക്ക് തിരികെ പോന്നത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് വിജയലക്ഷ്മി വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് വിജയലക്ഷ്മിയുടെ മൃതശരീരം മരണച്ചിറ എന്നറിയപ്പെടുന്ന പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Signature-ad

അതേസമയം മരണപ്പെട്ട വിജയലക്ഷ്മി മലയാളസിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന താരമായിരുന്നു. 2019 ല്‍ നടൻ ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന സിനിമയിൽ ജെസ്സിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയലക്ഷ്മിയാണ്. ഇതിന് പുറമേ ഏതാനും ചില സിനിമകളിൽ കൂടി വിജയലക്ഷ്മി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്ന പ്രദീപ് നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് വിജയലക്ഷ്മിയുടെ താൽപര്യപ്രകാരമാണ് പ്രദീപുമായുള്ള വിവാഹം നടത്തിയത്. ആഡംബര പ്രിയനായിരുന്ന പ്രദീപ് ഇതിനിടെ പലതവണ മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ട്. കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനുകളിൽ പ്രദീപിന്റെ പേരിൽ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മക്കളെ ഓർത്ത് മാത്രമാണ് വിജയലക്ഷ്മി പ്രദീപുമായുള്ള വിവാഹജീവിതം വേർപിരിയാതെയിരുന്നത്. നാട്ടില്‍ നിന്നാല്‍ ഇനിയും പ്രദീപ് മോഷണക്കേസുകളിൽ പ്രതിയാകും എന്ന് ഭയന്നാണ് വിജയലക്ഷ്മി ബിസിനസ് ചെയ്യാനായി പ്രദീപുമൊത്ത് ബാംഗ്ലൂരിലേക്ക് കുടുംബസമേതം പോയത്.

പക്ഷേ ബാംഗ്ലൂരിലും വിധി മറ്റൊന്നാണ് വിജയലക്ഷ്മി ക്കും കുടുംബത്തിനും സമ്മാനിച്ചത്. ബാംഗ്ലൂർ ബൊമ്മനഹള്ളി സ്വദേശിയായ മലയാളി നിർമല മേരിയെ പ്രദീപും സുഹൃത്തുക്കളും കൊലപ്പെടുത്തിയത് വിജയ ലക്ഷ്മിയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കി. സ്വര്‍ണത്തിനും പണത്തിനുവേണ്ടിയാണ് പ്രദീപും സുഹൃത്തുക്കളും നിർമല മേരിയെ കൊലപ്പെടുത്തിയത്. നിര്‍മല മേരിയുടെ ദിനചര്യകൾ മനസ്സിലാക്കിയ ശേഷം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീട് വാടകയ്ക്ക് എടുക്കാൻ എന്ന വ്യാജേനയാണ് പ്രദീപും സുഹൃത്തുക്കളും നിർമ്മലയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തിയത്. നിര്‍മ്മല മേരിയുടെ 48 ഗ്രാം സ്വർണവും കടയിലെ പണവും പ്രദീപും സംഘവും തട്ടിയെടുത്തു. നിർമല മേരിയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രദീപ് നാട്ടിലെത്തിയത് പക്ഷേ കേസില്‍ വ്യക്തമായി അന്വേഷണം നടത്തിയ ബാംഗ്ലൂർ പോലീസ് നാട്ടിലെത്തിയ പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രദീപിന്റെ വഴിവിട്ട ജീവിതം കണ്ടുമടുത്ത് മനംനൊന്താണ് വിജയലക്ഷ്മി സ്വയം ജീവിതം അവസാനിപ്പിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Back to top button
error: