എന്നാൽ ജാവഡേക്കറുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ദല്ലാള്‍ നന്ദകുമാറും പ്രകാശ് ജാവഡേക്കറും ഒരുമിച്ച് കാറില്‍ കയറി പോകുന്ന ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്.
സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിയായ ശേഷം കേരളത്തിലെത്തിയപ്പോഴാണ് ജാവഡേക്കർ നന്ദകുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ഒരേ വിമാനത്തിലാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. വിമാനമിറങ്ങിയ ശേഷം ബി.ജെ.പി. ഓഫീസില്‍ നിന്നുള്ള വാഹനം ഒഴിവാക്കിയാണ് ജാവഡേക്കർ നന്ദകുമാറിന്റെ കൂടെ കാറില്‍ പോയത്. ഒരു വർഷം മുമ്ബുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം തന്നെ അറിയില്ല എന്ന പ്രകാശ് ജാവഡേക്കറിന്റെ വാദത്തോട് രൂക്ഷമായ ഭാഷയിലാണ് ദല്ലാള്‍ നന്ദകുമാർ പ്രതികരിച്ചത്. തന്നെ അറിയാത്ത ആള് എങ്ങനെ തന്റെ വണ്ടിയില്‍ കയറുമെന്ന് അദ്ദേഹം ചോദിച്ചു. താൻ വാടകയ്ക്കെടുത്ത ടാക്സിയില്‍ തന്നെയാണ് അദ്ദേഹവും യാത്ര ചെയ്തത്.
ബി.ജെ.പിയുടെ പത്തനംതിട്ട സ്ഥാനാർഥി അനില്‍ ആന്റണിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിലൂടെയാണ് ദല്ലാള്‍ നന്ദകുമാർ വീണ്ടും വാർത്തകളില്‍ നിറഞ്ഞത്. സി.ബി.ഐ. സ്റ്റാന്റിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കയ്യില്‍ നിന്ന് അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് നന്ദകുമാർ വെളിപ്പെടുത്തിയത്. നന്ദകുമാറിന്റെ ആരോപണം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തല്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ഭാഗത്തുനിന്നും ഉണ്ടായി. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാൻ ദല്ലാള്‍ നന്ദകുമാർ സമീപിച്ചെന്നും തുടർന്ന് താൻ പ്രശ്നത്തില്‍ ഇടപെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആരോപണം അനില്‍ ആന്റണി നിഷേധിച്ചതോടെ തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്ന് നന്ദകുമാർ വെല്ലുവിളിച്ചിട്ടുണ്ട്.
ബിജെപിയുടെ മറ്റൊരു തീപ്പൊരി നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.