KeralaNEWS

പിണറായി വിജയനോളം വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയും ഇന്ത്യയിലില്ല

രേസമയം സംഘികളുടെയും മുസംഘികളുടെയും കൃസംഘികളുടെയും എതിർപ്പ് നേരിടേണ്ടി വരുന്നവരാണ് ഇടതു ചേരിയിലുള്ളവർ.എല്ലാ മതവിഭാഗത്തിലുമുള്ള തീവ്ര നിലപാടുകളോടും അതിശക്തമായി ഇടതുപക്ഷക്കാർ വിയോജിക്കുന്നുവെന്നതാണ് അതിൻ്റെ കാരണം.
ബി.ജെ.പിയും, ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിർക്കുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല.ഇടതുപക്ഷ പ്രവർത്തകരും  അനുഭാവികളും മാത്രം ഇന്ത്യയിൽ നേരിടുന്ന പ്രത്യേക പ്രശ്നമാണിത്.
ഇടതുസർക്കാരിനെ അട്ടിമറിക്കാൻ പെരുംനുണകളാൽ കെട്ടിപ്പടച്ച നയതന്ത്ര സ്വർണ്ണക്കടത്തും ഖുർആൻ്റെ മറവിലെ സ്വർണ്ണ വിതരണവും ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവും യു.ഡി.എഫ്-ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി സഖ്യം തിമർത്താടിയത് കേരളം കണ്ടതാണ്.
സ്വർണ്ണം കടത്തിയത് പിണറായി വിജയനു വേണ്ടിയായിരുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സ്വപ്ന സുരേഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ യുഎഇ കോൺസുലേറ്റ് കേരളത്തിലെ എംഎൽഎമാർക്കായി നടത്തിയ ഇഫ്താർ വിരുന്നിലെ ചിത്രം ഉപയോഗിച്ചാണ് ഇവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം എന്നു തെളിയിക്കാനുള്ള ശ്രമം നടന്നത്.ജയ്ഹിന്ദ് ടിവി ഒരു പടികൂടി കടന്ന്, ദക്ഷിണേന്ത്യൻ ചുമതലയുള്ള യുഎഇ കോൺസുലാർ ജനറൽ  ജുമാ അൽ ഹുസൈൻ റഹ്മ അൽ സാഹ്ബിയുടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം എടുത്ത്, സ്വർണ്ണം കടത്തിയ വനിതയാണെന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുക വരെ ചെയ്തു.അതേസമയം പ്രതിയായ യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും, എന്തിന്, ഒ രാജഗോപാലിനു സമീപം പോലും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആ സമയത്തും ചറപറാ പറക്കുന്നുണ്ടായിരുന്നു.
കേരളത്തിലെ മാറിമാറി വരുന്ന ഭരണ സാഹചര്യം വച്ച് കഴിഞ്ഞതവണ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അങ്ങനെ ആയാൽ ഉമ്മൻ ചാണ്ടിയാവണം മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നും പൊതുവെ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുന്ന വിവിധ സർവേ ഫലങ്ങൾ പുറത്തുവരുന്നത്.കേരളത്തിൽ എൺപതുകൾക്കു ശേഷം ഏതെങ്കിലും മുന്നണിക്കു തുടർഭരണം കിട്ടുക എന്ന അത്യപൂർവ്വ റെക്കോഡിന് പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് ഗവൺമെന്റ് തുടക്കമിടും എന്ന സൂചന തന്നെ പലർക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.
ഇലക്ഷൻ റിസൾട്ട് വന്നതോടുകൂടി മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി.കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ പോലും ഇത്രയധികം ജാതീയമായി അധിക്ഷേപിക്കപ്പെട്ട, അതിജീവിച്ച ഒരു മുഖ്യമന്ത്രി പിണറായി വിജയൻ അല്ലാതെ മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല.
“മദ്രാസിൽ പോയി ഡോക്ടർ ബിരുദമൊക്കെ നേടിയെങ്കിൽ സ്വർണത്തിൽ ഒരു ചെത്തു കുടം ഉണ്ടാക്കി തെങ്ങിൽക്കയറിക്കോ….” എന്ന് അധിക്ഷേപിച്ച തിരുവിതാംകൂറിലെ പൊന്നുതമ്പുരാന്മാരുടെ അളിഞ്ഞ ഫ്യൂഡൽ മനസ്സുകൾ ഇന്നും ഇവിടെയുണ്ട്. അതും പോരാതെ ” പന്നി പെറും പോലെ പെറ്റു കൂട്ടുന്നു ” എന്ന് അധിക്ഷേപിച്ച കടുക്കനിട്ട ആചാര്യന്മാരും ഇന്നും ഇവിടെ തന്നെയുണ്ട് !!
“കൊട്ടിക്കലാശം തീർന്നു …. ” എന്ന് കായിക്കരയിൽ ലോകകവിതയിലെ ഒരു മഹാ ജ്യോതിസ് അണഞ്ഞപ്പോൾ ആഹ്ളാദിച്ച മഹാകവിത്വങ്ങളുണ്ട്.
ഇതിനെയെല്ലാം അതിജീവിച്ചാണ് വേലിക്കകത്തും പുറത്തും ഉള്ള പലരും അർഹതപ്പെട്ടയിടങ്ങളിൽ എത്തിയിട്ടുള്ളത്.
.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മൂന്ന് കൊല്ലം മുന്നേ ചെത്തുകാരൻ തീയൻ കോരന്റെ പെണ്ണുമ്പിള്ള പതിനാലാമതായി പെറ്റിട്ടയാളാണ് വിജയൻ. മുൻപ് കല്യാണി പെറ്റതിൽ പതിനൊന്ന് പേരും പരുന്തുംകാലേൽ പോയപ്പോ വെള്ളം തോർന്ന് കിട്ടിയ മൂന്ന് പേരിൽ ഏറ്റോം ഇളയവൻ. എന്ന് പറഞ്ഞാ, അയാൾ ജനിച്ച ചുറ്റുപാടിൽ ശരീരം നിവർന്ന് രണ്ട് കാലേൽ നിൽക്കാനുണ്ടായിരുന്ന സാധ്യത 3/14 അഥവാ 21%.
നാലിലൊന്ന് പോലും സർവൈവൽ സാധ്യതയില്ലാതെ കണ്ണൂരിലെ കുഗ്രാമത്തിലത്രയും പിന്നാക്ക കുടുംബത്തിൽ ജനിച്ച്, അരപ്പട്ടിണിയേം അക്കാലത്ത് വന്നാൽ 50% മരണമുറപ്പുള്ള വസൂരിയേം ജയിച്ച്, നെയ്ത്തുശാലയിലും ബീഡിതെറുക്കാനും പണിക്ക് പോയി, ശാരദവിലാസം സ്കൂളിൽ പഠിച്ച്, ബ്രണ്ണൻ കോളേജിൽ നിന്ന് അക്കാലഘട്ടത്തിൽ സാമ്പത്തികശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കാൻ അയാൾക്കുണ്ടായിരുന്ന ചാൻസ് പിന്നെയും കുറയും. അപ്രോക്സിമേറ്റ്ലി ഒന്നോ രണ്ടോ ശതമാനം.
എണ്ണം പറഞ്ഞ പാർട്ടിക്കുടുംബങ്ങളും നേതാക്കളും കഴിവുള്ള ചെറുപ്പക്കാരും കോമ്പീറ്റ് ചെയ്യുന്ന കണ്ണൂര് പോലൊരിടത്ത്, ഗോഡ്ഫാദറോ പാരമ്പര്യമോയില്ലാതെ 1970ൽ അത്ര ചുവപ്പല്ലാത്ത കൂത്തുപറമ്പിൽ നിയമസഭ കാൻഡിഡേറ്റാവാനും എതിരാളികളുടെ സിറ്റിംഗ് സീറ്റ് പിടിച്ച്, ഭൂരിപക്ഷം ഓരോ വട്ടവും ഇരട്ടിപ്പിച്ച്, മന്ത്രിയായി, പാർട്ടി സെക്രട്ടറിയായി, അഞ്ചാണ്ട് കൂടുമ്പോ മാറി മാറി ഭരിക്കുന്ന മുന്നണിയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇന്നിപ്പോ നിൽക്കുന്നിടത്ത് എത്തിപ്പെടാനുള്ള ആ പോസിബിളിറ്റിയെ അളക്കാൻ മാത്തമാറ്റിക്കൽ ടൂളുകൊണ്ടാവില്ല. ഇനി അളന്നാൽ അതിന് പൂജ്യം കഴിഞ്ഞുള്ള ദശാംശത്തിന് ശേഷം ഒരുപാട് പൂജ്യങ്ങളിടേണ്ടിവരും. അങ്ങനെയൊരാളാണിന്ന് കേരളത്തിന്റെ ഭരണനേതൃത്വത്തിൽ അനിഷേധ്യനായി ചിരിച്ചിരിക്കുന്നത്.
അതാണങ്ങേരുടെ ജനുസ്, വെട്ടിയിട്ടാലും മുറിക്കൂടുന്ന മനസ്, ഉൾക്കരുത്ത്.നേതാക്കൾ ജനിച്ച കുടുംബത്തിന്റെ കൊണത്തിൽ മാത്രം ഊറ്റം കൊള്ളാൻ വിധിക്കപ്പെട്ട, എതിർ നിൽക്കുന്നവരുടെ പിന്നാക്കാവസ്ഥകളെ പരിഹസിച്ച്, ജാതീയമായധിക്ഷേപിക്കുന്ന കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും ഇത് മനസ്സിലാകില്ല.
കമ്മ്യൂണിസവും മാധ്യമങ്ങളും ഇരട്ടത്താപ്പും !

മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെപ്പറ്റി അൽപ്പം പറയാതെ വയ്യ..മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും.എന്നാൽ വിലയ്ക്കെടുത്ത മാനേജ്മെന്റുകൾ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാറില്ല എന്നതാണ് വാസ്തവം.
 
കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന കാര്യത്തിൽ ആര്‍ക്കെങ്കിലും സംശയമുണ്ടാകാൻ വഴിയില്ല.ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും മാസങ്ങളോളം അന്തിചർച്ചയ്ക്ക് വിധേയമാക്കുക മാത്രമല്ല, മറ്റും പാർട്ടികളുടെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്പള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളെയും താഴേക്കിടയിലുള്ള പാർട്ടി പ്രവർത്തകരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്: ഓമനക്കുട്ടൻ! ഓർമ്മയില്ലേ ഓമനക്കുട്ടനെ…  പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും സാധനങ്ങളും എത്തിച്ച ഓട്ടോയുടെ ചാർജ് നൽകാൻ കയ്യിൽ കാശ് തികയാതെ വന്നപ്പോൾ ക്യാമ്പിൽ ഉള്ളവരുടെ കയ്യിൽ നിന്ന് 70 രൂപ പിരിച്ചെടുത്തതിന് കേരളത്തിലെ  മാധ്യമങ്ങൾ “കള്ള’നെന്ന് മുദ്ര കുത്തി 2 ദിവസം തുടർച്ചയായി അന്തിച്ചർച്ച വിചാരണ  നടത്തിയ ആളാണ് സഖാവ് ഓമനക്കുട്ടൻ.
അതേസമയം ഇന്ന്  സർക്കാരിന്റെ  “50 സെന്റ്” ഭൂമി കയ്യേറിയ മാത്യൂ കുഴൽനാടൻ എന്ന കോൺഗ്രസ്സ് എംഎൽഎയെ ഒരു  സെലിബ്രേറ്റി സ്റ്റാറ്റസോടെയാണ് മാധ്യമങ്ങൾ ട്രീറ്റ് ചെയ്യുന്നതെന്ന് ഓർക്കണം.വിഷയത്തിൽ മാധ്യമങ്ങൾക്ക് അന്തിചർച്ചയില്ല, കാഥികന്റെ കഥാപ്രസംഗമില്ല, ധാർമിക രോഷം ഇല്ല… പറച്ചിലാകട്ടെ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നും!
നിഷ്പക്ഷമെന്നും നേരിനൊപ്പമെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം പ്രഖ്യാപിക്കുന്നവര്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയെക്കുറിച്ചല്ല, അതിനു വേണ്ടി പടച്ചുവിടുന്ന വ്യാജവാർത്തകൾ വായിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്ന അവരുടെ തന്നെ വായനക്കാരെ ഓർത്താണ് നെഞ്ചില്‍ കൈവെയ്ക്കേണ്ടത്.
ആരെക്കുറിച്ചും വാര്‍ത്ത എഴുതാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകർക്കുണ്ട്. അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയോ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെയോ ഒക്കെ പ്രതിഫലനവുമാകാം. ആ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ല.പക്ഷെ അത് വ്യാജവാർത്തകളാകുന്നതാണ് പ്രശ്നം.ഇനി കൊടുത്ത വാർത്ത തെറ്റാണെന്നു തോന്നിയാൽ അത് തിരുത്താനുള്ള മാന്യതയെങ്കിലും കാട്ടണം.
ഇവിടുത്തെ കാതലായ പ്രശ്നം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്, അവരുടെ തുടർഭരണമാണ്.പ്രളയ സമയത്തായാലും കൊറോണയുടെ കാലത്തായാലും ആഗോള പ്രശസ്തി നേടിയ ഒരു നേതാവായി പിണറായി വിജയൻ മാറുമ്പോള്‍ അത് അംഗീകരിക്കാനുള്ള വലിപ്പം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോകുന്നു.അതിനവർ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നു, അദ്ദേഹത്തെ കള്ളനാക്കുന്നു.എന്നാൽ നൂറുകണക്കിന് കേസുകൾ ഉണ്ടായിട്ടും ഇക്കാലയളവിൽ ഏതെങ്കിലും കേസുകളിൽ അദ്ദേഹത്തിന് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇവർക്കായിട്ടുണ്ടോ, അതുമില്ല !
പിണറായി വിജയനെയും ആ മന്ത്രിസഭയും. തന്നെ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെടുത്തി മാധ്യമങ്ങൾ അലക്കി വെളുപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടർഭരണം നേടുന്നത്.അതും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി.
മാത്യു വർഗീസ്,
മാധ്യമപ്രവർത്തകൻ

Back to top button
error: