സംഭവത്തില്‍ സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. പ്രതികള്‍ റെയില്‍വെ ഇ.ക്യുവിന് അപേക്ഷിച്ചത് തിരുനെല്‍വേലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ബിജെപി എംഎല്‍എയുമായ നൈനാർ നാഗേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡില്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നൈനാർ നാഗേന്ദ്രന്റെ തിരിച്ചറിയല്‍ കാർഡും അറസ്റ്റിലായ മൂന്ന് പ്രതികളുടെയും കൈവശം ഉണ്ടായിരുന്നു. ഇവർ എംഎല്‍എയുടെ ഹോട്ടലിലെ ജീവനക്കാരാണ്.
ആറ് ബാഗുകളിലായാണ് നാല് കോടി രൂപയുമായി മൂന്നുപേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം പിടികൂടിയത്.ബി.ജെ.പി പ്രവർത്തകനായ എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാള്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണിതെന്നാണ് സൂചന.
അറസ്റ്റിലായവർ കില്‍പോക് ബ്ളൂ ഡയമണ്ട് ഹോട്ടല്‍ ജീവനക്കാരാണ്. ബാഗുകളുമായി മൂന്നംഗ സംഘം ട്രെയിനില്‍ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. അതേസമയം അറസ്റ്റിലായവരുമായി തനിക്ക് ബന്ധമില്ലെന്നാണ് എം.എല്‍.എ പ്രതികരിച്ചത്.
റോഡ് മാർഗം പോയാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ പിടിക്കപ്പെടും എന്നുകണ്ടാണ് പ്രതികള്‍ ട്രെയിനില്‍ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും വെയിറ്റിംഗ് ലിസ്റ്റിലായതോടെയാണ് എംഎല്‍എയുടെ ലെറ്റർപാഡില്‍ ഇ.ക്യു അപേക്ഷ നല്‍കിയത്. നെല്ലൈ എക്‌സ്‌പ്രസില്‍ എസ്7 കോച്ചിലാണ് ഇവർ യാത്ര ചെയ്‌തിരുന്നത്.