മൂവാറ്റുപുഴ: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചത് ശ്വാസകോശം തകര്‍ന്നും തലച്ചോറിലെ രക്‌തസ്രാവം മൂലവും.
ഹോട്ടല്‍ തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.ശ്വാസകോശം തകര്‍ന്നതും തലച്ചോറിലുണ്ടായ രക്‌തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. നെഞ്ചിലും ശരീരഭാഗങ്ങളിലും മര്‍ദനമേറ്റതിന്റെ അടയാളങ്ങളുണ്ട്.
ഇതിനിടെ പോലീസിന് എതിരെ നാട്ടുകാര്‍ രംഗത്ത് വന്നു. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എന്ന പേരില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയവരെയാണ് പിന്നീട് പ്രതിയാക്കിയത് എന്നാണ് പ്രധാന ആരോപണം. ഇയാളെ പിടികൂടിയ രാത്രി 9.30 ന് പോലീസിനെ വിവരം അറിയിച്ചിട്ടും ഒരു മണിക്കൂര്‍ വൈകിയാണ് വന്നതെന്നും ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം സ്‌റ്റേഷനിലേക്കാണ് കൊണ്ട് പോയതെന്നും ഈ സമയമെല്ലാം രക്‌തം വാര്‍ന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.