IndiaNEWS

മലയാളി നഴ്സിന്റെ കൊലപാതകം; ഉത്തർപ്രദേശ് സ്വദേശി അറസ്‌റ്റിൽ

ഭോപ്പാൽ: പള്ളുരുത്തി സ്വദേശിനിയായ നഴ്‌സിനെ മധ്യപ്രദേശിലെ ഭോപ്പാലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്‌റ്റിൽ.

പള്ളുരുത്തി പെരുമ്ബടപ്പ്  സ്വദേശിനി ടി.എം. മായ (37) ആണ് മരിച്ചത്.സംഭവത്തില്‍ മായയുടെ സുഹൃത്തും  ആശുപത്രി അഡ്മിനിട്രേറ്റര്‍ ഇന്‍-ചാര്‍ജുമായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കത്യാറിനെ ഭോപ്പാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയിലെ ഒരു ആശുപത്രിയില്‍ നഴ്‌സിംഗ് കോളജില്‍ ‌ട്യൂട്ടറായിരുന്ന മായ മൂന്നു വർഷം മുൻപാണ് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ച് അങ്ങോട്ടേക്ക് പോയത്. ഭര്‍ത്താവ് രാജുവിനൊപ്പം ഭോപ്പാല്‍ ലാല്‍ഘട്ടിയിലായിരുന്നു താമസം. ജോലി ലഭിക്കാത്തതിനാല്‍ രാജു നാട്ടിലേക്ക് തിരിച്ചുപോന്നു. 11 വയസുകാരനായ മകനൊപ്പം വാടക അപ്പാര്‍ട്ട്‌മെന്‍റിലാണ് മായ താമസിച്ചിരുന്നത്.

Signature-ad

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മായ വാഹനാപകടത്തില്‍ മരിച്ചെന്ന വിവരം രാജുവിനെ മകന്‍ വിളിച്ചറിയിച്ചത്.സംഭവദിവസം മായ ദീപകിന്‍റെ ഫ്ലാറ്റില്‍ പോയിരുന്നു. ഫ്ലാറ്റില്‍ വച്ച്‌ മായ കുഴഞ്ഞുവീണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ദീപക് ആശുപത്രി അധികൃതരെ അറിയച്ചത്. കഴുത്തിലും മറ്റും പാടുകള്‍ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഡോക്ടര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ദീപകിന്‍റെ ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ രക്തക്കറയും മര്‍ദനം നടന്നതിന്‍റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: