കൊൽക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ‘ഇ.ഡി കസ്റ്റഡിയിലെടുക്കുമെന്ന്’ ബി.ജെ.പി നേതാവിന്റെ ഭീഷണി.
ഗംഗാരാംപൂര മുൻസിപാലിറ്റി ചെയർമാനും തൃണമുല്‍ കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത് മിത്രക്കെതിരെയാണ് ബി.ജെ.പി നേതാവും സംസ്ഥാനാധ്യക്ഷനുമായ സുകാന്ത മജൂംദാർ ഭീഷണി മുഴക്കിയത്. പൊതുയോഗത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ ഭീഷണി.
‘പ്രശാന്ത് മിത്രയെ ഇ.ഡി കസ്റ്റഡിയിലെടുക്കും, മുൻസിപാലിറ്റി ചെയർമാൻ സ്ഥാനത്തിരുന്നതിനേക്കാള്‍ കാലം മിത്ര ഇ.ഡി കസ്റ്റഡിയില്‍ കിടക്കും’ എന്നായിരുന്നു മജൂദാർ പറഞ്ഞത്.
അതേസമയം തൃണമുല്‍ കോണ്‍ഗ്രസിനെതിരെയും മറ്റ് പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെയും കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെയും കേന്ദ്ര വകുപ്പുകളെയും ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് മജൂംദാറിന്റെ പ്രസ്താവനയെന്ന് തൃണമുല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു.
ബാലൂർഘട്ട് മണ്ഡലത്തിലെ തൃണമുല്‍ സ്ഥാനാർഥിയായ ബിപ്ലപ് മിത്രയുടെ സഹോദരനാണ് പ്രശാന്ത് മിത്ര.