IndiaNEWS

പാസ്വേഡ് കൈമാറാതെ കെജ്രിവാള്‍; ഐഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ ആപ്പിളിനെ സമീപിച്ച് ED

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഹായംതേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍. പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കെജ്രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ ഇ.ഡിക്ക് സാധിക്കാത്ത സാഹചര്യത്തിലാണിത്. അറസ്റ്റിലായ ദിവസംതന്നെ കെജ്രിവാള്‍ ഫോണ്‍ ഓഫ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. പാസ്വേഡ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യ നീക്കങ്ങളുമടക്കം ചോരുമെന്ന സംശയംകൊണ്ടാണ് പാസ്വേഡ് കൈമാറാന്‍ കെജ്രിവാള്‍ തയ്യാറാകാത്തത് എന്നാണ് വിവരം.

ചോദ്യംചെയ്യലിനിടെ അദ്ദേഹം ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായും ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ ലഭിക്കാന്‍ ആപ്പിള്‍ അധികൃതരുമായി ഇ.ഡി ബന്ധപ്പെട്ടുവെങ്കിലും പാസ്വേഡ് ഇല്ലാതെ വിവരങ്ങളൊന്നും ലഭ്യമാകില്ല എന്ന മറുപടിയാണ് കിട്ടിയത് എന്നാണ് സൂചന. ഒരു വര്‍ഷം മുമ്പുമുതല്‍ ഉപയോഗിച്ചു തുടങ്ങിയ ഫോണാണ് തന്റെ പക്കലുള്ളതെന്നും 2020 – 21 കാലത്ത് മദ്യനയം രൂപവത്കരിച്ച സമയത്തെ വിവരങ്ങള്‍ ഫോണില്‍ ഇല്ലെന്നുമാണ് കെജ്രിവാള്‍ പറയുന്നത്.

Signature-ad

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനു ശേഷവും ആം ആദ്മി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. മദ്യനയക്കേസില്‍ മന്ത്രി കൈലാഷ് ഗഹ്ലോതിനെ ഇ.ഡി. അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജയിലില്‍ സൗകര്യമൊരുക്കാന്‍ പ്രതികളില്‍നിന്ന് കോഴവാങ്ങിയെന്ന പരാതിയില്‍ മുന്‍മന്ത്രി സത്യേന്ദര്‍ ജെയിനിന്റെപേരില്‍ കേസെടുക്കാന്‍ സി.ബി.ഐ.ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതിയും നല്‍കുകയും ചെയ്തു.

മദ്യനയം രൂപവത്കരിച്ച മന്ത്രിസഭയിലെ അംഗമായിരുന്നു കൈലാഷ് ഗഹ്ലോത്. പ്രധാന പ്രതികളിലൊരാളെന്ന് ഇ.ഡി. പറയുന്ന ആപ്പ് മുന്‍ മാധ്യമവിഭാഗം മേധാവി വിജയ് നായര്‍ താമസിച്ചിരുന്നത് കൈലാഷിന് അനുവദിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവിലായിരുന്നു. താന്‍ ബംഗ്ലാവില്‍ താമസിച്ചിട്ടില്ലെന്നും വിജയ് നായര്‍ താമസിച്ചതിനെക്കുറിച്ച് അറിയില്ലെന്നും ഗഹ്ലോത് പ്രതികരിച്ചു.

തിഹാറിലടക്കം ഡല്‍ഹിയിലെ പ്രധാന ജയിലുകളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ 10 കോടി കോഴ നല്‍കിയെന്ന, സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് സത്യേന്ദര്‍ ജെയിനിനെതിരേ സി.ബി.ഐ. അന്വേഷണം. പാര്‍ട്ടിക്കുവേണ്ടിയാണ് കൈക്കൂലി ചോദിച്ചതെന്നാണ് സുകേഷിന്റെ ആരോപണം. കേസെടുക്കാന്‍ ഇക്കൊല്ലമാദ്യം ലെഫ്. ഗവര്‍ണര്‍ ശുപാര്‍ശചെയ്തിരുന്നു. കള്ളപ്പണക്കേസില്‍ 2022-ല്‍ ഇ.ഡി. അറസ്റ്റ്ചെയ്ത ജെയിന്‍ ജയിലിലാണ്.

 

 

 

Back to top button
error: