IndiaNEWS

എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നത് ? ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി:ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐക്കെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി.ഇലക്ടറല്‍ ബോണ്ട് നമ്ബറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പലതവണയായി കോടതി ആവശ്യപ്പെടുമ്ബോള്‍ എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നത് എന്ന് കോടതി ചോദിച്ചു.

വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അനധികൃതമായി പണം സ്വീകരിച്ചു നടത്തുന്ന അഴിമതിക്ക് നിയമ പരിവേഷം നല്‍കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇതുസംബന്ധിച്ച്‌ എസ്ബിഐയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ആണ് ആവശ്യപ്പെടുന്നത്. ചെറിയ വിവരം പോലും ഇതില്‍ ഉള്‍പ്പെടും. ബോണ്ട് നമ്ബറുകള്‍ വെളിപ്പെടുത്തുന്നതിനൊപ്പം ഒരു വിവരവും ഒളിച്ചുവയ്ക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന സത്യവാങ്മൂലവും എസ്ബിഐ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണോ എസ്ബിഐ അഭിഭാഷകന്‍ ഹാജരാകുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ചോദ്യം എസ്ബിഐക്കാണാണെങ്കിലും പരോക്ഷത്തില്‍ ആ ചോദ്യമുനകള്‍ തറയ്ക്കുന്നത് ബിജെപിയുടെ നെഞ്ചിലാണ്.

Signature-ad

ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം വാരിക്കൂട്ടിയത് ബിജെപിയാണെന്ന് അടിവരയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട 2018 മാര്‍ച്ച്‌ മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുമ്ബോഴാണ് എസ്ബിഐ ഈ ഒളിച്ചുകളി നടത്തുന്നത്. 6986.5 കോടി രൂപയാണ് ഇക്കാലത്ത് ബിജെപി സമാഹരിച്ചത്. 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 ജനുവരി 24 യുള്ള കണക്കുകള്‍ കൂടി ചേര്‍ന്നാല്‍ ബിജെപി സംഭരിച്ച തുക ഇനിയും കൂടും.

ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് തുടക്കമായ 2018 മാര്‍ച്ചില്‍ത്തന്നെ 210 കോടി രൂപ ബിജെപിക്ക് ലഭിച്ചു. 201819 വര്‍ഷം 1450 കോടി വാരിക്കൂട്ടി. കോണ്‍ഗ്രസിന് യഥാക്രമം അഞ്ചുകോടിയും 383 കോടിയും ഇക്കാലത്ത് ലഭിച്ചു. 2019-20 സാമ്ബത്തിക വര്‍ഷം ബിജെപിക്ക് 2555 കോടി ലഭിച്ചു. 2018 മാര്‍ച്ചുമുതല്‍ 2023 സെപ്തംബര്‍വരെ വിറ്റ 16,518 കോടിയുടെ ഇലക്ടറല്‍ ബോണ്ടില്‍ 50 ശതമാനത്തിലേറെയും ബിജെപിക്കാണ് ലഭിച്ചതെന്നാണ് കണക്ക്. തൃണമൂല്‍ കോണ്‍ഗ്രസാണ് ഏറ്റവും അധികം പണം ലഭിച്ച രണ്ടാമത്തെ പാര്‍ട്ടി 1397 കോടി. 1334.35 കോടി വാങ്ങി കോണ്‍ഗ്രസാണ് മൂന്നാമത്.

അതിനിടെ ഇലക്ടറല്‍ ബോണ്ടിലെ വിധിയുടെ പേരില്‍ വേട്ടയാടല്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിക്കാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച്‌ വേട്ടയാടുകയാണെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. എന്നാല്‍ കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ ബോണ്ട് വിവരങ്ങള്‍ മറച്ചുവയ്ക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ അവസാന നീക്കത്തിനും വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചില്‍ നിന്നും ഉണ്ടായത്.

Back to top button
error: