ആഗ്രഹം എത്ര തീവ്രമാണെങ്കിലും അത് സാധ്യമാകും, പക്ഷേ ദൃഢമായ വിശ്വാസം കൈവിടരുത്
വെളിച്ചം
ആ കാട്ടിലെ അടുത്തടുത്തു നിന്ന മൂന്ന് മരങ്ങള്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടായിരുന്നു. താന്‍ ഒരു സ്വര്‍ണ്ണപ്പെട്ടിയായി മാറണമെന്നും അതില്‍ ധാരാളം രത്നങ്ങളും സ്വര്‍ണ്ണങ്ങളും സൂക്ഷിക്കണമെന്നും ആദ്യത്തെ മരം ആഗ്രഹിച്ചു. രണ്ടാമത്തെ മരത്തിന് താന്‍ വലിയ സാഹസികയാത്രകള്‍ നടത്തുന്ന വഞ്ചിയാകണമെന്നായിരുന്നു ആഗ്രഹം.
മൂന്നാമത്തെ മരം മറ്റ് രണ്ട് മരങ്ങളേക്കാള്‍ വലിയ ഉയരം ഉളളതായിരുന്നു.
‘ഇനിയും വളരണം, മാനം മുട്ടെ വളരണം. എന്നിട്ട് ആകാശത്തുള്ള ദൈവത്തെ നേരിട്ട് കാണണം…’
മൂന്നാമത്തെ മരത്തിന്റെ സ്വപ്നം പറഞ്ഞപ്പോള്‍ മറ്റ് രണ്ടുപേരും കളിയാക്കി ചിരിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ മരം മുറിക്കാന്‍ ആളുകളെത്തി. ആദ്യത്തെ മരത്തെ നോക്കിയപ്പോള്‍ അത് വളരെ വിലപിടിപ്പുള്ള മരമാണെന്നും മനോഹരമായ ആഭരണപെട്ടികളുണ്ടാക്കാന്‍ നല്ലതാണെന്നും മരംവെട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഇത് കേട്ട് ഒന്നാമത്തെ മരം സന്തോഷിച്ചു. രണ്ടാമത്തെ മരത്തെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു:
‘ഇത് വളരെ ഉറപ്പുളള മരമാണ് ഇതിനെ കപ്പലുണ്ടാക്കാന്‍ ഉപയോഗിക്കാം.’
രണ്ടാമത്തെ മരത്തിനും സന്തോഷമായി.
മൂന്നാമത്തെ മരം വെട്ടിയെങ്കിലും അവര്‍ അതിനെ ഗോഡൗണിലേക്ക് മാറ്റി, സൂക്ഷിച്ചുവെച്ചു. തന്റെ രണ്ടു സുഹൃത്തുക്കള്‍ക്കും അവര്‍ ആഗ്രഹിച്ചപോലെ രൂപമാറ്റം സംഭവിച്ചു. തനിക്ക് മാത്രം ഈ പൊടിപിടിച്ച ഗോഡൗണില്‍ കിടക്കാനാണ് വിധി.
എങ്കിലും മരം തന്റെ ആഗ്രഹത്തെ വിട്ടുകളയാതെ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തുളള ഗ്രാമത്തില്‍ പുതിയ പള്ളി വന്നു. ആ പള്ളിയിലേക്ക് കുരിശുനിര്മ്മിക്കാന് ഉയരമുളള ഒറ്റമരം അന്വേഷിച്ച് ആളുകള്‍ വന്നു. ആ അന്വേണം മൂന്നാമത്തെ മരത്തിനു സമീപമാണ് എത്തിയത്. അങ്ങിനെ ദൈവത്തിനെ കാണുവാന്‍ മാത്രമല്ല, ദൈവത്തിനെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നായി ആ മരം മാറി.
വിശ്വാസം കൈവിടാതിരുന്നാല്‍ എന്തെല്ലാം പ്രതിസന്ധി വന്നാലും, ആഗ്രഹം തീവ്രമാണെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ