ഇടുക്കി: ഹൈറേഞ്ചിലെ കുരിശു പള്ളികൾക്കു നേരെ കല്ലെറിഞ്ഞ് ചില്ലുകൾ തകർത്ത പ്രതി പൊലീസ് പിടിയിൽ . അന്യാർതൊളു ചെറുകുന്നേൽ ജോബിൻ ജോസാണ് പിടിയിലായത്. കമ്പംമെട്ട്, പുളിയൻമല, കട്ടപ്പന മേഖലകളിലായി എട്ടോളം കുരിശടികൾക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായത്. കട്ടപ്പന, കമ്പംമെട്ട്, ഇരുപതേക്കർ, ചേറ്റുകുഴി ഓർത്തഡോക്സ് കുരിശുപള്ളികളുടെയും കൊച്ചറയിലെ രണ്ട് കപ്പേളകളുടെയും പുളിയൻമല സെൻ്റ് ആൻ്റണീസ് ദേവാലയത്തിൻ്റെ അമല മനോഹരി കപ്പേള, ഗ്രോട്ടോ, കട്ടപ്പന ഇടുക്കി കവലയിൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി കുരിശുപള്ളി, ഇരുപതേക്കർ കപ്പൂച്ചിൻ ആശ്രമ കപ്പേള, നരിയംപാറ സെൻ്റ് മേരീസ് പള്ളിയുടെ ഇരുപതേക്കറിലെ കുരിശടി എന്നിവയുടെ ചില്ലുകളാണ് അക്രമി എറിഞ്ഞു തകർത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് എല്ലാ കുരിശടികൾക്കു നേരെയും കല്ലേറുണ്ടായത്.
കമ്പംമെട് ഭാഗത്ത് നടത്തിയ പൊലീസ് അന്വേഷണത്തിൽ ബൈക്കിലെത്തിയ കോട്ടിട്ട വ്യക്തി കുരിശടിക്കു നേരെ കല്ലെറിയുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്യാർതൊളു ചെറുകുന്നേൽ ജോബിൻ ജോസിനെ അറസ്റ്റ് ചെയ്തത്.