തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് ഹോളി സ്പെഷല്‍ സർവീസ് നടത്താൻ റെയില്‍വേ ബോർഡ് തീരുമാനം.
കൊച്ചുവേളി-ദാനാപുർ-കൊച്ചുവേളി റൂട്ടില്‍ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേക്ക് അനുമതി നല്‍കിയിട്ടുള്ളത്.
ഇരു റൂട്ടുകളിലും മൂന്നു വീതം ആകെ ആറ് സർവീസുകളാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാർ പ്രതീക്ഷിച്ചതിലും അധികം ഉണ്ടെങ്കില്‍ കൂടുതല്‍ സർവീസുകള്‍ നടത്താനും റെയില്‍വേ ആലോചിക്കുന്നുണ്ട്.
കൊച്ചുവേളി-ദാനാപുർ സർവീസ് (06183) കൊച്ചുവേളിയില്‍ നിന്ന് 19, 26, ഏപ്രില്‍ രണ്ട് തീയതികളില്‍ രാവിലെ 4.15 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ പത്തിന് ദാനാപുരില്‍ എത്തും. 06184 ദാനാപുർ കൊച്ചുവേളി സർവീസ് ദാനാപുരില്‍ നിന്ന് 22, 29, ഏപ്രില്‍ അഞ്ച് തീയതികളില്‍ രാത്രി 10.25 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 7.30ന് കൊച്ചുവേളിയില്‍ എത്തും.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തില്‍ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകള്‍.